സോണിയ എന്ന ആയിഷ; റാഷിദിനൊപ്പം ഐഎസിൽ ചേർന്ന ഭാര്യയും കുഞ്ഞും എവിടെ?

rasheed-sonia-06
SHARE

മലയാളികളെ ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടെന്നാണ് സൂചന. 

ആദ്യമായി ഐഎസിൽ ചേർന്ന മലയാളികളുടെ സംഘത്തലവനാണ് റാഷിദ് എന്നാണ് വാർത്തകളില്‍ പറയുന്നത്. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എനനിവടങ്ങളിൽ നിന്നുള്ള മലയാളികൾക്കൊപ്പം 2016 മെയിലാണ് റാഷിദും കുടുംബവും ഐഎസിൽ ചേരാൻ വീട് വിട്ടിറങ്ങിയത്. യുഎഇയിലെത്തി അവിടുന്ന് ഇറാനിലേക്കും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. 

ഭാര്യ ആയിഷക്കും(സോണിയ സെബാസ്റ്റ്യൻ) രണ്ടര വയസ്സുള്ള മകൾ സാറയും റാഷിദിനൊപ്പമുണ്ടായിരുന്നു. ഐഎസിലേക്ക് മലയാളികളെ ചേർത്തിരുന്നത് റാഷിദ് ആണെന്ന് പടന്നയിലെ സാമൂഹ്യ പ്രവർത്തകൻ ബി സി റഹ്മാൻ പറയുന്നു.  വാട്സ്ആപ്പ്, ടെലഗ്രാം ആപ്പുകളിൽ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി, ആളുകളെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു റാഷിദ്. ഐഎസിൽ ചേരാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ (ലോൺ വുൾഫ് അറ്റാക്ക്) നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശം റാഷിദ് ഗ്രുപ്പൂകളിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി റാഷിദിന്റെ സന്ദേശങ്ങളൊന്നും ഗ്രൂപ്പുകളിൽ കാണുന്നില്ല. മുൻപ് ഒരു തവണ കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചപ്പോൾ ശബ്ദസന്ദേശം അയച്ച് റാഷിദ് അത് നിഷേധിച്ചിരുന്നുവെന്നും റഹ്മാൻ പറയുന്നു. 

പടന്ന സ്വദേശിയായ റാഷിദ് പഠിച്ചതും വളർന്നും ഒമാനിലാണ്. മസ്കറ്റിലെ സ്കൂൾ പഠനത്തിന് ശേഷം ബിടെക് പഠിക്കാൻ കോട്ടയം പാലയിലെത്തി. യൂണിവേഴ്സിറ്റി കലോത്സവങ്ങൾക്കിടെയാണ് എറണാകുളത്ത് പഠിക്കുന്ന സോണിയ സെബാസ്റ്റ്യനെ റാഷിദ് പരിചയപ്പെടുന്നത്. പഠനം പൂർത്തിയായ ശേഷം റാഷിദ് ദുബായിൽ ജോലിക്ക് പോയി. സോണിയ ബെംഗളുരുവിൽ എംബിഎ പഠനത്തിനും ചേർന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധം ശക്തമായത് ഇക്കാലയളവിലാണ്. ഇസ്‌ലാമിൽ ചേരാനുള്ള ആഗ്രഹവും താത്പര്യവും ഇക്കാലത്ത് സോണിയ പ്രകടിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. 

എംബിഎ പഠനം പൂർത്തിയാകുമ്പോഴേക്കും സോണിയ ഇസ്‌ലാം മതം സ്വീകരിച്ചു. പിന്നാലെ തൃക്കരിപ്പൂരിലുള്ള പീസ് ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയായി സോണിയ  എത്തി. ദുബായിലുള്ള ജോലി വിട്ട് റാഷിദും സ്കൂളിലെത്തി. അധ്യാപകനായി തുടങ്ങി, പിന്നീട് അധ്യാപകരുടെ പരിശീലകനായി റാഷിദ്. പീസ് സ്കൂളിലുണ്ടായിരുന്നപ്പോഴാണ് ഐഎസ് ആശയങ്ങളോട് റാഷിദ് ആഭിമുഖ്യം പ്രകടിപ്പിച്ച് തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. 

പീസ് സ്കൂളിൽ വെച്ചാണ് ബിഹാർ സ്വദേശിയായ യാസ്മിനെ റാഷിദ് പരിചയപ്പെടുന്നത്. യാസ്മിനെയും റാഷിദ് വിവാഹം ചെയ്തു. കാസർകോട് നിന്ന് പതിനഞ്ച് പേര് ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഭവത്തിൽ ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ് യാസ്മിൻ ഇപ്പോൾ. കേരളത്തിൽ ചാവേർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട റിയാസ് അബൂബക്കറിനും റാഷിദുമായി ബന്ധമുണ്ടായിരുന്നുവെന്ന് എൻഐഎ കണ്ടെത്തി. 

റാഷിദ് കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിക്കുമ്പോൾ ഭാര്യ ആയിഷയെക്കുറിച്ചോ മകൾ സാറയെക്കുറിച്ചോ വിവരങ്ങളൊന്നുമില്ല. 

MORE IN KERALA
SHOW MORE