രാക്കിളി പൊൻമകളേ...വിവാഹത്തലേന്നു പാടി മറഞ്ഞു അച്ഛൻ, പൊൻമകൾ അറിഞ്ഞില്ല

kollam-si
SHARE

കൊല്ലം : കതിർമണ്ഡപത്തിൽ കത്തിച്ചുവച്ച വിളക്കിലെ തിരിപോലെ ഉരുകുകയായിരുന്നു ആർച്ചയുടെ മനസ്സ്. അച്ഛന്റെ മുഖമാണ് ആൾക്കൂട്ടത്തിനിടയിലും ആർച്ച തിരഞ്ഞത്. പക്ഷേ, അച്ഛനെ കണ്ടില്ല. ഉടൻ വരുമെന്ന് ആശ്വസിപ്പിച്ചു ബന്ധുക്കൾ അവളെ വരനോടൊപ്പം യാത്രയാക്കി. മകൾ സുമംഗലിയാകുന്നതു സ്വപ്നം കണ്ടു കാത്തിരുന്ന അച്ഛനപ്പോൾ മോർച്ചറിയിലെ ഇരുട്ടിൽ ഒറ്റയ്ക്കായിരുന്നു. 

തിരുവനന്തപുരം കരമന സ്റ്റേഷനിലെ എസ്ഐ നീണ്ടകര പുത്തൻതുറ ചമ്പോളിൽ തെക്കതിൽ പി.വിഷ്ണുപ്രസാദ് (55) ഇളയ മകൾ ആർച്ചയുടെ വിവാഹത്തലേന്നു സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ രാത്രി 9.30നു സ്റ്റേജിൽ കുഴഞ്ഞു വീണാണു മരിച്ചത്. പാട്ടു പാടിക്കൊണ്ടിരുന്ന വിഷ്ണുപ്രസാദ് സ്റ്റേജിൽ വീഴുന്നതു കണ്ട് ബന്ധുക്കൾ ഉടൻ  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആർച്ചയെ അറിയിച്ചില്ല. വരന്റെ ബന്ധുക്കളിൽ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രമാണു വിവരം അറിയിച്ചത്. ആർച്ച ഒന്നും അറിയാതിരിക്കാൻ ദുഃഖം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കാൻ പാടുപെടുകയായിരുന്നു ബന്ധുക്കൾ. പരിമണം ദുർഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തിൽ കടയ്ക്കൽ സ്വദേശി വിഷ്ണുപ്രസാദ് ആർച്ചയുടെ കഴുത്തിൽ താലികെട്ടി. തുടർന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി. 

അച്ഛന്റെ മരണ വിവരം ഇന്നു സംസ്കാരത്തിനു തൊട്ടുമുൻപ് മാത്രം ആർച്ചയെ അറിയിച്ചാൽ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം. വിരമിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണു വിഷ്ണുപ്രസാദിന്റെ മരണം. സംസ്കാരം ഇന്ന് 4ന്. ജെ.സുഷമയാണു ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കൾ. മരുമകൻ: വി.ഷാബു

MORE IN KERALA
SHOW MORE