അഗ്നിഗോളമായി കിഴക്കേകോട്ട, പൊട്ടിക്കരഞ്ഞ് ജീവനക്കാർ, വാക്കുകളില്ലാതെ ഉടമകൾ

tvm-fire
SHARE

തിരുവനന്തപുരം : വനിത ജീവനക്കാർ വാവിട്ടു നിലവിളിക്കുന്നതു കണ്ടപ്പോൾ ചെല്ലം അമ്പ്രല്ല മാർട്ടിന്റെ ഉടമകളും സഹോദരങ്ങളുമായ വി.രവികുമാറിനും വി.സുനിൽകുമാറിനും സഹിക്കാനായില്ല. ആശ്വാസവാക്കുകളില്ലാതെ അവർ നിശബ്ദരായി നിന്നു. സ്കൂൾ തുറക്കാറായതിനാൽ‍ തിരക്കേറിയ കച്ചവടമാണിപ്പോൾ.

9 30നു ജോലിക്കു കയറാൻ എത്തിയതായിരുന്നു 10 സ്ത്രീ തൊഴിലാളികൾ. ബസിൽ സഞ്ചരിച്ചിരുന്ന അവർ ഏറെ ദൂരെവച്ചുതന്നെ അന്തരീക്ഷത്തിൽ പുക ഉയരുന്നതു കണ്ടു. അഗ്നിബാധയാണെന്നു വിവരം അറിഞ്ഞുവെങ്കിലും തങ്ങളുടെ അന്നത്തിനുമേൽ തീപടരുകയാണെന്നറിയാൻ വീണ്ടും സമയമെടുത്തു

കടകൾക്കുമുന്നിൽ ആൾക്കൂട്ടം കണ്ടപ്പോൾ തന്നെ അവർ അലമുറയിട്ടു കരഞ്ഞു. മേൽപ്പാലത്തിനുതാഴെ ആൾക്കൂട്ടത്തിനിടയിൽ തൊഴിലാളികളുടെ പൊട്ടിക്കരച്ചിൽ. ആളുകൾ ചുറ്റുംകൂടിനിന്ന് ആശ്വസിപ്പിച്ചു. രാവിലെ 10നാണു വിവരം അറിയുന്നതെന്നു രവികുമാർ പറഞ്ഞു. സീസണായതിനാൽ ഒരു കോടി രൂപയുടെ സാധനങ്ങൾ സംഭരിച്ചിരുന്നു. 1948ൽ രംഗസ്വാമിയാണു ചെല്ലം അമ്പ്രല്ല മാർട്ട് ആരംഭിച്ചത്. പിന്നീട് മക്കളും ഇപ്പോൾ ചെറുമക്കളും ചേർന്നു നടത്തുന്നു.

അഗ്നിഗോളമായി കിഴക്കേകോട്ട; തീവ്രശ്രമത്താൽ പടരാതെ ദുരന്തം

നഗരത്തെ ഞെട്ടിച്ച അഗ്നിബാധ കൂടുതൽ ദുരന്തങ്ങൾക്കു വഴിവയ്ക്കാത്തതിന്റെ ആശ്വാസത്തിൽ ജനങ്ങൾ. രാവിലെ ചെറിയ പുകയാണെന്നു കരുതി തള്ളിക്കളഞ്ഞ സംഭവം രണ്ടു മണിക്കൂറിനകം തലസ്ഥാനത്തെ ഞെട്ടിച്ചു. സാധാരണ സംഭവമെന്നു കരുതി സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളും ആളിപ്പടരുന്ന തീ കണ്ട് അമ്പരന്നു. പരിഭ്രാന്തരായ ജനം നാലുപാടും ഓടുന്നതും ആകാശത്തോളം ഉയർന്ന പുകയും വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പായിരുന്നു. ചെല്ലം അമ്പ്രല്ല മാർട്ടിനും സുപ്രീം ലതേഴ്സിനും സമീപം 17 കടകൾ. ഇടവഴിയിൽ ഏഴു വീടുകൾ. ഏതു സമയവും ഇവയിലേക്കു തീ പടരാം

ചെങ്കൽച്ചൂളയിലെ അഗ്നിശമനസേന ഡയറക്ടറേറ്റിലേക്ക് അഗ്നിശനമ സേനാംഗങ്ങൾ വ്യാപകമായ അഗ്നിബാധയുടെ സാധ്യത അറിയിച്ചു. ഉടൻ ടെക്നിക്കൽ‍ ഡയറക്ടർ ആർ.പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലത്തെത്തി. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്കുമാർ ഗുരുദീനും ഉടൻ വന്നു.  കൈവിട്ടുപോകാവുന്ന അവസ്ഥയായിരുന്നു അപ്പോൾ. കടകൾക്കുള്ളിൽ ജീവനക്കാർ ഇല്ലെന്നു മിനിറ്റുകൾക്കകം സ്ഥിരീകരിച്ചു.

ചെല്ലം അമ്പ്രല്ല മാർട്ടിന്റെ പുതിയ കടയിലാണ് ആദ്യം തീ പടർന്നത്. ഇവരുടെ ഒന്നും രണ്ടും കടകൾക്കു മധ്യേ ചെറിയ ലോട്ടറി വില്പനശാലയുണ്ട്. അമ്പ്രല്ല മാർട്ടുകൾക്ക് റോഡിൽ നിന്നു നോക്കുമ്പോൾ രണ്ടു പ്രവേശനകവാടങ്ങൾ ഉണ്ടെങ്കിലും അകത്തുനിന്നു രണ്ടു കടകളെയും ബന്ധിപ്പിക്കുന്ന വലിയ ചില്ലുവാതിലുണ്ട്. മിനിറ്റുകൾക്കുശേഷമാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതോടെ വൻ തീപിടുത്തം അവർ ഉറപ്പിച്ചു

റോഡിൽ നിന്നു വലിയ കുഴലുകളിൽ വെള്ളം ചീറ്റിയെങ്കിലും ശമനമുണ്ടായില്ല. പിന്നിലെ ഗോഡൗണുകളിലേക്ക് അപ്പോൾ തീ പടർന്നിരുന്നു. അതോടെ തീയും പുകയും ഉയർന്നുപൊങ്ങി. സമീപത്തെ കടകളിലേക്കു തീ പടരാതിരിക്കാനായിരുന്നു ശ്രദ്ധ. ഗോഡൗണിലെ പിന്നിലെ ഇടവഴി 25 മീറ്റർ കടന്നാൽ റിയിൽവേയുടെ ഡീസൽ ഡിപ്പോ പ്രവർത്തിക്കുന്നുണ്ട്.

MORE IN KERALA
SHOW MORE