നീരൊഴുക്ക് നിലച്ച് കരിയാത്തുംപാറ; സഞ്ചാരികളുടെ ഒഴുക്കിൽ വൻകുറവ്

kariyathumpara
SHARE

കനത്ത വേനലില്‍ നീരൊഴുക്ക് നിലച്ച് കോഴിക്കോട് കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം. നോമ്പ് കാലം കൂടിയായതോടെ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന പ്രഖ്യാപനവും പാഴായി.   

കക്കയം ഡാമില്‍ നിന്ന് ഒഴുകിയെത്തുന്ന ജലമാണ് കരിയാത്തുംപാറയുടെ സമൃദ്ധി. പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ജലനിരപ്പ് കൂടുമ്പോഴും ജലലഭ്യതയുണ്ടായിരുന്നു. ഈ കാഴ്ചയെല്ലാം അന്യമായി. പലയിടത്തും അടിത്തട്ട് തെളിഞ്ഞു. ഇതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു. നോമ്പ് കാലമായതിനാല്‍ വേനലവധിക്കിടയിലും ഇവിടം തിരക്കൊഴിഞ്ഞ ഇടമായി. 

വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലാണ് സ‍ഞ്ചാരികളുടെ കുളിക്കടവ്. വഴുക്കലും പാറകള്‍ക്കിടയിലെ കുഴിയും അപകടസാധ്യത കൂട്ടും. പേരിന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളതല്ലാതെ സഞ്ചാരികളെ നിയന്ത്രിക്കാന്‍ ഗൈഡുകളില്ല. യുവാക്കളുള്‍പ്പെടെ പലപ്പോഴും അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാനാകുന്നില്ല. തിരക്കൊഴിഞ്ഞതോടെ തീരത്തുണ്ടായിരുന്ന കുതിര സവാരിയും താല്‍ക്കാലികമായി നിര്‍ത്തി. ചെറുകിട കച്ചവടക്കാരും കരിയാത്തുംപാറയില്‍ നിന്ന് മാറി. പ്രദേശത്തെ പുല്‍ത്തകിടിയും തണല്‍മരങ്ങളും ആല്‍ബങ്ങളും കല്യാണ വീഡിയോയും ഒരുക്കുന്നവരുടെ ഇഷ്ട ലൊക്കേഷനാണ്. അപകടരഹിതമായ വിനോദസഞ്ചാര സാധ്യത നിലനിര്‍ത്താനായാല്‍ മറ്റിടങ്ങളില്‍ നിന്ന് ഇവിടേക്ക് കൂടുതല്‍ ആളെത്തും തദ്ദേശവാസികള്‍ക്കുള്‍പ്പെടെ വരുമാന മാര്‍ഗം കണ്ടെത്താനുമാകും. 

MORE IN KERALA
SHOW MORE