രാസവസ്തുക്കൾ ഉപയോഗിച്ചു പുകച്ചെടുത്ത തേങ്ങ; വഞ്ചിക്കപ്പെട്ട് ജനങ്ങൾ

kollam-coconut
SHARE

രാസവസ്തുക്കൾ ഉപയോഗിച്ചു പുകച്ചെടുത്ത  ഒരു ടൺ തേങ്ങ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പു പിടിച്ചെടുത്തു നശിപ്പിച്ചു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ തട്ടാമല മേൽപാട്ട് ക്ഷേത്രത്തിനു സമീപത്തെ തേങ്ങാ വ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണു രാസപ്രയോഗം നടത്തുന്നതു കണ്ടെത്തിയത്. മൂപ്പെത്താത്ത തേങ്ങ മൂപ്പെത്തിയതായി തോന്നിപ്പിക്കാനായി സൾഫർ ഉപയോഗിച്ചു പുകയിടുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പു ജീവനക്കാർ കണ്ടെത്തി. ഇരുമ്പു ഗ്രില്ലുകൾക്കു മുകളിൽ പച്ചത്തേങ്ങ നിരത്തിയിട്ട ശേഷം താഴെ സൾഫർ നിറച്ച പാത്രം വച്ച് തീ പുകയ്ക്കുകയായിരുന്നു. സൾഫറിന്റെ പുക തേങ്ങയിൽ പൊതിയുന്നതോടെ മൂപ്പെത്തിയ തേങ്ങകൾക്കു സമാനമായി ഇവയുടെ നിറം മാറും

മൂപ്പെത്തിയ തേങ്ങയെന്നു കരുതി വാങ്ങുന്നവർ വഞ്ചിക്കപ്പെടുകയും ചെയ്യും. വർഷങ്ങളായി തേങ്ങാ വ്യാപാരം നടത്തിയിരുന്ന ഇയാൾ മുൻപും സമാനമായ രീതിയിൽ തേങ്ങയിൽ രാസപ്രയോഗം നടത്തിയോയെന്നതു പരിശോധിക്കുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. പിടിച്ചെടുത്തു നശിപ്പിച്ച തേങ്ങകൾക്ക് 40000 രൂപ വില വരും. ഇയാൾക്കെതിരെ പിഴ ചുമത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്. വിശദമായ തെളിവെടുപ്പിനും മൊഴി രേഖപ്പെടുത്താനുമായി ഹിയറിങ്ങിന് ഹാജരാകാൻ ഇയാൾക്കു നോട്ടിസും നൽകി. ഇരവിപുരം ഭക്ഷ്യസുരക്ഷാ ഓഫിസർ ഡോ.എം.അഗത, കൊല്ലം സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ എസ്.മാനസ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

MORE IN KERALA
SHOW MORE