ആലഞ്ചേരിക്കെതിരായ രേഖ വ്യാജമെന്ന് റിപ്പോർട്ട്; ആദിത്യൻ ഗൂഡാലോചന നടത്തി

cardinal
SHARE

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ രേഖ വ്യാജമെന്നുറപ്പിച്ച് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.  അറസ്റ്റിലായ ആദിത്യനൊപ്പം ഫാദര്‍ പോള്‍ തേലക്കാട്ടും, ഫാദര്‍ ആന്റണി കല്ലൂക്കാരനും ചേര്‍ന്ന് കര്‍ദിനാളിനെതിരെ ഗൂഡാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ നാലാം പ്രതിയായ ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ വികാരിയായ  കൊരട്ടി സാന്‍ജോ നഗര്‍ സെന്റ് ജോസഫ് പള്ളിയില്‍ പൊലീസ് പരിശോധന നടത്തി. മൂന്നാംപ്രതി ആദിത്യന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.  

കേസന്വേഷിക്കുന്ന ആലുവ ഡിവൈഎസ്പി കെ.എ.വിദ്യാധരന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സാന്‍ജോനഗര്‍ പളളിയില്‍ പരിശോധന നടത്തിയത്. ഇടവകാംഗങ്ങള്‍ പൊലീസിനെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. താക്കോല്‍ ലഭിക്കാത്തതിനാല്‍ മുറികളുടെ പൂട്ടു തകര്‍ത്തായിരുന്നു പരിശോധന. വൈദികന്‍ ഉപയോഗിച്ച കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്ക്കുകളും അനുബന്ധ ഫയലുകളും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചു. കേസില്‍ അറസ്റ്റിലായ ആദിത്യനെ പൊലീസ് കാക്കനാട് കോടതിയില്‍ ഹാജരാക്കി. കര്‍ദിനാള്‍ ആലഞ്ചേരിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്ന വ്യാജരേഖ തയാറാക്കിയ ആദിത്യന്‍ ഇത് ഫാദര്‍ പോള്‍ തേലക്കാട്ടിലിന്‍റെയും, ഫാദര്‍ ടോണി കല്ലൂക്കാരന്‍റെയും ഇമെയിലിലേക്ക് അയച്ചു കൊടുത്തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റസമ്മതം നടത്താന്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന നിലപാടാണ് ആദിത്യന്‍ കോടതിയില്‍ സ്വീകരിച്ചത്.

പൊലീസ് മര്‍ദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ആദിത്യനെ കളമശേരി മെഡിക്കല്‍ കോളജില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആദിത്യന്റെ രഹസ്യമൊഴിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ആദിത്യനെ ഉപദ്രവിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. ആദിത്യന്‍ നല്‍കിയ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ബുധനാഴ്ച കോടതി പരിഗണിക്കും.

MORE IN KERALA
SHOW MORE