തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സംഘര്‍ഷ സാധ്യത; വടകരയിൽ പൊലീസ് സുരക്ഷ ശക്തം

vadakara-police
SHARE

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വടകരയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി . ഒഞ്ചിയം, നാദാപുരം മേഖലയില്‍ ബോധപൂര്‍വമായ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ കേന്ദ്രസേനയുള്‍പ്പെടുന്ന സുരക്ഷ അഞ്ച് ദിവസം നീളും. 

നാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ജാഗ്രത. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ഒഞ്ചിയം, നാദാപുരം മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ സുരക്ഷ ബലപ്പെടുത്തിയിട്ടുള്ളത്  . രണ്ട് കമ്പനി കേന്ദ്രസേനയും പൊലീസിനൊപ്പം കരുതലിന്റെ ഭാഗമാകും. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള ബോംബ് സ്ക്വാഡിന്റെ പരിശോധന തുടരും. നാദാപുരം, എടച്ചേരി, കുറ്റ്യാടി, ചോമ്പാല്‍ തുടങ്ങിയ മേഖലയില്‍ പൊലീസ് സാന്നിധ്യം കൂടുതലായുണ്ടാകും.  

ഈമാസം ഇരുപത്തി അഞ്ച് വൈകിട്ട് വരെയാണ് പ്രത്യേക സുരക്ഷാകരുതല്‍. അടിയന്തര സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് വേഗത്തില്‍ സംഘര്‍ഷ സ്ഥലങ്ങളിലെത്താന്‍ കരുതല്‍ പൊലീസ് സംഘവും വിവിധയിടങ്ങളില്‍ നിലയുറപ്പിക്കും. രാത്രിയും പകലുമുള്ള വാഹന പരിശോധന മുടക്കമില്ലാതെ തുടരും. പ്രാദേശിക സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്ട്രൈക്കിങ് ഫോഴ്സിന് രൂപം നല്‍കിയിട്ടുള്ളത്.

MORE IN KERALA
SHOW MORE