ഒറ്റവിരലിൽ 2 മണിക്കൂറിലധികം സ്റ്റീൽപാത്രം കറക്കി; റെക്കോർഡ് ഭേദിച്ച് അശ്വിൻ

aswin-record
SHARE

വിരൽ തുമ്പ് കൊണ്ട് വിസ്മയം തീർത്ത് പത്തനംതിട്ട കടമ്പനാട്  സ്വദേശി ഗിന്നസ് റെക്കോർഡിലേക്ക്. ഒറ്റവിരലിൽ രണ്ടുമണിക്കൂറിലധികം സ്റ്റീൽപാത്രം കറക്കിയാണ് നിലവിലെ റെക്കോർഡ് ഭേദിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി രേഖകൾ ഗിന്നസ് അധികൃതർക്ക് കൈമാറും.

പതിനൊന്നാം വയസിൽ നോട്ടുബുക്ക് കറക്കിത്തുടങ്ങിയ അശ്വിൻ സ്വപ്ന നേട്ടത്തിനുള്ള പരിശ്രമത്തിലാണ്. 260 ഗ്രാം ഭാരവും 23 സെന്റീമീറ്റർ വ്യാസവുമുള്ള സ്റ്റീൽ പാത്രം വലതുകൈയുടെ നടുവിരലിൽ കറക്കുക. നിലവിലെ റെക്കോർഡ് ഡൽഹി സ്വദേശിയായ ഹിമാൻഷു ഗുപ്തയുടെ പേരിലുള്ള ഒരു മണിക്കൂർ പത്തുമിനിറ്റ് മുപ്പത്തിയൊൻപത് സെക്കൻഡ്. സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രകടനം പുരോഗമിച്ചു. റെക്കോർഡ് ഭേദിച്ചതോടെ സദസിൽനിന്ന് കയ്യടിയുയർന്നു. ഒടുവിൽ രണ്ട് മണിക്കൂർ മൂന്നുമിനിറ്റ് എട്ടുസെക്കൻഡ് എന്ന പുതിയ റെക്കോർഡ് സമയം കുറിച്ച്  അശ്വിൻ പ്രകടനം അവസാനിപ്പിച്ചു. തിരുവല്ലയിൽ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പ്രകടനം പന്ത്രണ്ടരവരെ നീണ്ടു. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹായവുമാണ് നേട്ടത്തിന് കാരണമെന്ന് അശ്വിൻ പറഞ്ഞു.

പ്രകടനത്തിൻറെ വീഡിയോ ദൃശ്യങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രവുമടക്കം രേഖകളെല്ലാം ഗിന്നസ് അധികൃതർക്ക് അയച്ചുകൊടുക്കും. വിശദമായ പരിശോധനകൾക്കുശേഷമേ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകൂ. കടന്പനാട് സ്വദേശിയായ അശ്വിൻ ഡിഗ്രി പഠനത്തിനുശേഷം പി.എസ്.സി പരിശീലനത്തിലാണ്.

MORE IN KERALA
SHOW MORE