ദേശീയപാത പ്രശ്നം; ചർച്ചയ്ക്കായി മുഖ്യമന്ത്രി യോഗം വിളിച്ചേക്കും

pinarayi-nh
SHARE

കേരളത്തിലെ ദേശീയപാത പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചേക്കും. കേരളത്തെ മുഖ്യ പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് NHAIയുമായി ചര്‍ച്ച ചെയ്യാനുള്ള നീക്കം. പ്രശ്നപരിഹാരം തേടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിതിന്‍ ഗഡ്കരിച്ച് അയച്ച കത്തിലും തുടര്‍നടപടിയുണ്ടായില്ല.

ദേശീയപാതവികസനത്തിന്റെ മുഖ്യപരിഗണനാപട്ടികയില്‍ നിന്ന് കേരളത്തെ രണ്ടാം പട്ടികയിലേക്ക് മാറ്റിയത് ഇനിയും പുനഃപരിശോധിച്ചിട്ടില്ല. ആശയക്കുഴപ്പം പരിഹരിക്കുന്നതിന് കഴിഞ്ഞദിവസം പൊതുമരാമത്ത് സെക്രട്ടറി കമലാവര്‍ധന റാവു ദേശീയപാത അതോറിറ്റി ചെയര്‍മാനെയും സെക്രട്ടറിയെയും കണ്ടിരുന്നു. എന്‍.എച്ച്.എ.ഐ കേന്ദ്രഓഫിസിന്റെ അനുമതി നേടി ദേശീയപാത വികസനവുമായി മുന്നോട്ടുപോകാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചു. എന്നാല്‍ കേരളത്തെ ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ നിന്നോ ദേശീയപാത അതോറിറ്റിയില്‍ നിന്നോ തുടര്‍നടപടികള്‍ ഉണ്ടായുമില്ല. നിലവില്‍ എന്‍.എച്ച്.എ.ഐയുമായി ബന്ധപ്പെട്ട നടപടികള്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ത്തിവച്ചില്ലെങ്കിലും അനിശ്ചിതത്വം തുടരുന്നതുമൂലം ഇനി മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്. 

എന്‍.എച്ച്.എ.ഐ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനമിറക്കുന്ന മുറയ്ക്കേ കെട്ടിടങ്ങള്‍ക്ക് വിലയിടുന്നത് അടക്കമുള്ള നടപടികളുമായി സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകൂ.  ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങണമെന്ന നിര്‍ദേശം പൊതുമരാമത്ത് വകുപ്പില്‍ നിന്നുയര്‍ന്നത്. എന്‍.എച്ച്.എ.ഐ അധികൃതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയാല്‍ വ്യക്തതവരുമെന്നാണ് വിലയിരുത്തല്‍. പൊതുമരാമത്ത് സെക്രട്ടറി കമലാവര്‍ധന റാവു മടങ്ങിയെത്തിയശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകും. കേരളത്തിലെ ദേശീയപാതവികസനം തടസപ്പെടരുതെന്നും ഒന്നാംപട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ കേരളം ആവശ്യപ്പെടും.

MORE IN KERALA
SHOW MORE