രേഖ വ്യാജം; പിന്നിൽ ഗൂഡാലോചന; കർദിനാളിനെതിരായ കേസില്‍ റിമാൻഡ് റിപ്പോർട്ട്

kardinal-allencherry
SHARE

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ രേഖ വ്യാജമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കര്‍ദിനാളിനെ അപമാനിക്കാന്‍ രണ്ടു വൈദികരുമായി ചേര്‍ന്ന്  ആദിത്യ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. അതേസമയം ഫാ. ആന്റണി കല്ലൂക്കാരനെ പൊലീസ് പ്രതിചേര്‍ത്തു. 

ഫാ.ആന്റണി കല്ലൂക്കാരന്റെ പള്ളിയില്‍ ഇടവക വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് പരിശോധന തുടരുകയാണ്. പൊലീസ് മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചെന്ന് ആദിത്യ കോടതിയില്‍ മൊഴി നല്‍കി.  

കേസന്വേഷിക്കുന്ന ആലുവ ഡിവൈഎസ്പി കെ.എ.വിദ്യാധരന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പളളിയില്‍ പരിശോധന നടത്തുന്നത് . വികാരിയുടേയും അതിഥികളുടേയും മുറികളുള്ള മതബോധന കേന്ദ്രം പരിശോധിച്ചിരുന്നു. ഇടവക വിശ്വാസികള്‍ പൊലീസിനെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. താക്കോല്‍ ലഭിക്കാത്തതിനാല്‍ മുറികളുടെ പൂട്ടു തകര്‍ത്തായിരുന്നു പരിശോധന. വൈദികന്‍ ഉപയോഗിച്ച കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്ക്കുകളും അനുബന്ധ ഫയലുകളും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചു. ഫാദര്‍ ടോണിെയ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

 അതേസമയം കേസില്‍ അറസ്റ്റിലായ ആദിത്യനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കര്‍ദിനാള്‍ ആലഞ്ചേരിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്ന വ്യാജരേഖ തയാറാക്കിയ ആദിത്യന്‍ ഇത് ഫാദര്‍ പോള്‍ തേലക്കാട്ടിലിന്‍റെയും,ഫാദര്‍ ടോണി കല്ലൂക്കാരന്‍റെയും ഇമെയിലിലേക്ക് അയച്ചു കൊടുത്തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

കര്‍ദിനാളിനെ അപമാനിക്കാന്‍ ഇരുവൈദികരുമായി ചേര്‍ന്ന് ആദിത്യന്‍ ഗൂഡാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. അതേസമയം കുറ്റസമ്മതം നടത്താന്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന നിലപാടാണ് ആദിത്യന്‍ കോടതിയില്‍ സ്വീകരിച്ചത്. കാല്‍ വെളളയില്‍ പൊലീസ് മര്‍ദിച്ചെന്നും,കാലിലെ നഖം പിഴുതെടുക്കാന്‍ ശ്രമിച്ചെന്നും ആദിത്യന്‍ പറഞ്ഞു. ഫാദര്‍ ടോണി കല്ലൂക്കാരന്‍റെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും ആദിത്യന്‍ കോടതിയില്‍ നിലപാടെടുത്തു.

MORE IN KERALA
SHOW MORE