മാനന്തവാടി ഭൂമി തട്ടിപ്പ്; പത്ത് വർഷത്തിന് ശേഷം രണ്ടാം പ്രതി പിടിയില്‍

wayanad-land-fraud-20
SHARE

പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെട്ട വയനാട് മാനന്തവാടിയിലെ ഭൂമിതട്ടിപ്പ് കേസില്‍ പത്ത് വര്‍ഷത്തിന് ശേഷം രണ്ടാം പ്രതി പിടിയില്‍ .ഒന്നാം പ്രതിയായ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ അജീബ സാഹിബ് ഒളിവിലാണെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. പേരിയയില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കാണിച്ച് കോട്ടയം സ്വദേശിയെ സാമ്പത്തികതട്ടിപ്പിനിരയാക്കിയെന്നായിരുന്നു കേസ്.

വയനാട് പേര്യ വില്ലേജില്‍ സ്ഥലത്തിന് വ്യാജരേഖകളുണ്ടാക്കിയായിരുന്നു സാമ്പത്തികതട്ടിപ്പ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി സേവി ജോസഫാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ പക്കല്‍ നിന്നും പ്രതികള്‍ അമ്പത്തിരണ്ട് ലക്ഷം രൂപ അഡ്വാന്‍സ് കൈപ്പറ്റിയെന്നായിരുന്നു പരാതി. 2009 തില്‍ മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടനിലക്കാരനായ മൂന്നാം പ്രതി അബ്ദുല്‍ റസാഖ് കീഴടങ്ങിയിരുന്നു. 

എന്നാല്‍ ഒന്നാം പ്രതിയായ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ അജീബ സാഹിബ് രണ്ടാം പ്രതി ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി മുങ്ങി. 

2000– 2005 കാലയളവില്‍ പത്തനംതിട്ടയില്‍ നഗരസഭാ ചെയര്‍പേഴ്സണായിരുന്നു കോണ്‍ഗ്രസ് നേതാവായ അജീബ വിചാരണ തുടങ്ങാനിരിക്കേ പ്രതികളെ പിടകൂടാന്‍ 2015 ല്‍ കോടതി ആവശ്യപ്പെട്ടു. പക്ഷെ ഒളിവില്‍പ്പോയി എന്നായിരുന്നു പൊലീസിന്റെ നിലപാട്. 

പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും അബ്ദുല്‍ ഖാദറിനെ പൊലീസ് പിടികൂടിയത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

MORE IN KERALA
SHOW MORE