വിദ്യാർത്ഥികൾക്കുവേണ്ടി പരീക്ഷ എഴുതി; അധ്യാപകര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്

mukkam-neelashwaram-school
SHARE

പരീക്ഷ ആള്‍മാറാട്ട കേസില്‍ രണ്ടു അധ്യാപകര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുപ്പിച്ചു. കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ  വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പ്ലസ് ടു പരീക്ഷയെഴുതിയ കേസിലാണ് കോഴിക്കോട് റൂറല്‍ എസ്.പി  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ആരോപണവിധേയരായ അധ്യാപകര്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി

നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകന്‍  നിഷാദ് വി.മുഹമ്മദ് പരീക്ഷയെഴുതിയത് നേരത്തെ പുറത്തായിരുന്നു. ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ മുക്കം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. റസിയ, അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ്, പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ചേന്ദമംഗല്ലൂര്‍  ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍  പി.കെ. ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്നുമുതല്‍ പ്രതികള്‍ ഒളിവിലാണ്. 

നിഷാദും ഫൈസലും രാജ്യം വിടാന്‍ ഇടയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയത്. അതിനിടെയ രണ്ടുപേരും സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.   കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ആശങ്ക പരിഹരിക്കാന്‍ സ്കൂള്‍ അധികൃതര്‍ നടപടി തുടങ്ങി.

എന്നാല്‍ സര്‍ക്കാരിന്റെ നിയമനടപടികളില്‍ പി.ടി.എ. ഇടപെടില്ല. വിവാദത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകര്‍ സ്ഥലം മാറിപോകില്ലെന്നും സ്കൂള്‍ അധികൃതര്‍ രക്ഷിക്കള്‍ക്ക് ഉറപ്പുനല്‍കി

MORE IN KERALA
SHOW MORE