ചിന്നക്കനാൽ ഭൂമി കയ്യേറ്റം; ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് റിപ്പോർട്ട്

chinnakkanal-20-05
SHARE

ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യറിയത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന്  ദേവികുളം സബ്  കലക്ടറുടെ റിപ്പോര്‍ട്ട്.  ഭൂമി തട്ടിപ്പ്  സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. സര്‍ക്കാര്‍ ഭൂമി വ്യാപകമായി കൈയ്യേറിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും നിര്‍ദേശം.

ദേവികുളം സബ്കലക്ടര്‍ രേണുരാജ് റവന്യു മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഭൂമി തട്ടിപ്പിന്റെയും കൈയ്യേറ്റത്തിന്റെയും നീണ്ട നിര. സര്‍ക്കാര്‍ 

ഒാഫീസുകളിലെ ക്ലാര്‍ക്കിനെ മുതല്‍ തഹസില്‍ദാര്‍മാരെ വരെ വിലക്കെടുത്ത് ഭൂമാഫിയ നടത്തിയ  കൈയ്യേറ്റങ്ങള്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുന്നതാണ്  റിപ്പോര്‍ട്ട്. 

വ്യാജ ആദാരങ്ങളുണ്ടാക്കി  സര്‍ക്കാര്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് നിര്‍മിച്ച വെള്ളുക്കുന്നേല്‍ ജിമ്മി സക്കറിയ, റിയല്‌ എസ്റ്റേറ്റ് കമ്പനിയായ അപ്പൊതിയോസിസ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് നിര്‍ദേശം. മുന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി. എം ജേക്കബ്, ഉടുമ്പന്‍ചോല താലൂക്ക് ഒാഫീസിലെ ക്ലാര്‍ക്ക് ആയിരുന്ന  ജോര്‍ജ് ജോസഫ്, സൂപ്രന്‍ഡ് പി. ഉണ്ണികൃഷ്ണന്‍ നായര്‍, തെറ്റായ ലൊക്കേഷന്‍ സ്ക്കെച്ച് തയാറാക്കിയ ചിന്നകനാല്‍ വില്ലേജ് ഒാഫീസര്‍ എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടി  എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.  

കൃത്രിമ രേഖകള്‍ ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത അഞ്ച് കേസുകളും തെളിവു സഹിതം സബ് കലക്ടര്‍ ഹാജരാക്കി. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പത്ത് കക്ഷികള്‍ക്കെതിരെ നടപടിയെടുക്കും. ചിന്നക്കനാല്‍  മോണ്ട് ഫോർട്ട് സ്‌കൂൾ കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കും. 

ദേവികുളം ഉടുമ്പന്‍ചോല താലൂക്കുളില്‍ സങ്കിര്‍ണമായ ഭൂമിപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്തരെ നിയമിക്കുന്നതിന് മുന്‍പ് അവരുടെ മുന്‍കാല സേവനങ്ങള്‍ കൂടി പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ മേഖലയില്‍ സാങ്കേതിക സഹായത്തോടെ റീസര്‍വേ നടത്തണമെന്നും ശുപാര്‍ശയുണ്ട്.  ഭൂമാഫിയ കയ്യേറിയ എഴുപത് ഏക്കറോളം സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും നടപടിയുണ്ടാകുമെന്ന് സബ്കലക്ടര്‍ രേണുരാജ് അറിയിച്ചു.

MORE IN KERALA
SHOW MORE