പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും

kerala-police
SHARE

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പൊലീസുകാര്‍ നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ക്രമക്കേടെന്ന് ആരോപിച്ച് പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുത്തതോടെ വോട്ടവകാശം നിഷേധിക്കപ്പെട്ടെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. മറ്റ് രണ്ട് പരാതികളും കേസ് അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിട്ടുണ്ട്. 

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പൊലീസ് അസോസിയേഷനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം നിഷേധിച്ചുകൊണ്ടാണ് മൂന്ന് പൊലീസുകാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയന്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്കുമാര്‍ എന്നിവരാണ് പരാതിക്കാര്‍. ഇവരുടെ  ബാലറ്റുകള്‍ മറ്റൊരു ബറ്റാലിയന്‍ അംഗമായ മണിക്കുട്ടന്റെ മേല്‍വിലാസത്തിലേക്കാണ് എത്തിയത്.

അത് കള്ളവോട്ടിനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.  ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണത്തില്‍ ഇത് സ്ഥിരീകരിക്കുകയും ഇവരെ പഞ്ചാബിലെ തിര‍ഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു. വകുപ്പ് തല നടപടിക്ക് സാധ്യത നിലനില്‍ക്കെയാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. ക്രമക്കേട് നടത്തിയിട്ടില്ലെന്നും വിദൂര സ്ഥലത്ത് ഡ്യൂട്ടിയിലായതിനാലാണ് ഒരേവിലാസത്തിലേക്ക് അയച്ചതെന്നുമാണ് വിശദീകരണം.

ഇത് ക്രമക്കേടാണെന്ന് ആരോപിച്ച് ബാലറ്റുകള്‍ തിരിച്ചെടുത്തതിനാല്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടെന്നും പറയുന്നു. പരാതി പരിശോധിക്കാനായാണ് നിലവില്‍ ക്രമക്കേട് അന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയുടെ സംഘത്തിന് കൈമാറിയത്. ബാലറ്റ് കിട്ടിയില്ലെന്ന് കാണിച്ച് പാലക്കാടുകാരനായ മറ്റൊരു പൊലീസുകാരനും സ്വകാര്യസംഘടനയും നല്‌‌കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

MORE IN KERALA
SHOW MORE