'അമ്മ മാത്രം മരിച്ചാല്‍ ഞാൻ ഒറ്റക്കാകും'; തലേദിവസം വൈഷ്ണവി ലേഖയോട് പറഞ്ഞത്

vaishnavi-friends-16-05
SHARE

നെയ്യാറ്റിൻകരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ലേഖയെഴുതിയ കുറിപ്പിലെ ഗാർഹികപീഡനം ശരിവെച്ച് നാട്ടുകാരും ബന്ധുക്കളും. സ്ത്രീധനം കുറഞ്ഞുപോയതിന് വർഷങ്ങൾക്ക് മുൻപ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പീഡനത്തെത്തുടർന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി. 

വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛൻ ഷൺമുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീർപ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു. 

സ്ത്രീധനത്തിൽ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നൽകുകയും ചെയ്തെന്ന് ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ പറയുന്നു. 

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ലേഖയെ വിവാഹം കഴിച്ചത്. എന്നാൽ  വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്നമുണ്ടാക്കിത്തുടങ്ങി. നീ പറഞ്ഞിട്ടല്ലേ വലിയ വീട് വെച്ചതെന്ന മട്ടിൽ കുത്തുവാക്കുകൾ പറയുമായിരുന്നു. മരിക്കുന്നതിന് ഒര് മണിക്കൂർ മുൻപ് ലേഖ വിളിച്ചിരുന്നെന്ന് ദേവരാജൻ പറയുന്നു. 

വീട് വിൽപ്പന മുടങ്ങിയതിനാൽ പണം ശരിയായില്ലെന്നും രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നെന്നും ലേഖ പറഞ്ഞു. ലേഖ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്ന് ദേവരാജൻ പറയുന്നു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകുമെന്ന് ദേവശരാജൻ ആശ്വസിപ്പിക്കുകയും ചെയ്തു. 

ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ- ''ഞങ്ങളുടെ പ്രേതമേ ഇനി കാണൂ''. ആത്മഹത്യ ചെയ്യുമെന്ന സൂചന മകൾ വൈഷ്ണവിയുമായി ലേഖ പങ്കുവെച്ചിരുന്നു. 'ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റക്കാകും'- വൈഷ്ണവി പറഞ്ഞെന്ന് ലേഖ ശാന്തയോട് പറഞ്ഞിരുന്നു. 

MORE IN KERALA
SHOW MORE