ബിവറേജിന് തീ പിടിച്ചു; 'ജവാനെ' രക്ഷിക്കാൻ വെള്ളവുമായി ഓടി; തീയണച്ചത് വരി നിന്നവർ

beverages-fire-16-05
SHARE

കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാൽ വിദേശ മദ്യശാലയിലുണ്ടായ തീപിടിത്തം. വരി നിന്നവരുടെ സമയോചിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി. 

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതിയില്ലാത്തതിനാൽ ജനറേറ്ററിലായിരുന്നു മദ്യശാലയുടെ പ്രവർത്തനം. ഏകദേശം അരമണിക്കൂർ പ്രവർത്തിച്ച് കഴിഞ്ഞപ്പോൾ ജനറേറ്റിന് തീ പിടിച്ചു. വലിയ ശബ്ദത്തോടെ ജനറേറ്റർ കത്തിത്തുടങ്ങി. 'ജവാൻ' മദ്യം സൂക്ഷിച്ചിരുന്നിടത്താണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. 

തീപിടിത്തമുണ്ടായപ്പോൾ തന്നെ തന്നെ വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേർന്ന് തീയണക്കാൻ പരിശ്രമിച്ചു. മദ്യശാലക്ക് സമീപമുണ്ടായിരുന്ന കിണറിൽ നിന്ന് വെള്ളം കോരി തീയണക്കാൻ എല്ലാവരും ഒരുമിച്ച് പ്രയത്നിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്സും എത്തി. 

ഓടിക്കൂടിയവർ ബക്കറ്റിലും കാലിക്കുപ്പിയിലുമായാണ് വെള്ളം എത്തിച്ചത്. രണ്ട് മുറികളിലായാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ആളുകളുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്ന് ഫയർ ഫോഴ്സ് ജീവനക്കാർ പറഞ്ഞു. ജനറേറ്റർ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങൽ സ്വദേശി സുധീർ സുബൈറിന് പൊള്ളലേറ്റു. 

MORE IN KERALA
SHOW MORE