ജപ്തിനോട്ടീസ് ആൽത്തറയില്‍ പൂജിക്കും; അമ്മയും മകളും അനുഭവിച്ചത് ‘നരകജീവിതം’

neyyattinkara-new-15-05
SHARE

കുടുംബപ്രശ്നങ്ങളാണ് നെയ്യാറ്റിൻകരയില്‍ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പ് വ്യക്തമാക്കുന്നത്. ഭര്‍ത്താവ്, അമ്മായി അമ്മ, അമ്മായി അമ്മയുടെ അനിയത്തി, ഇവരുടെ ഭർത്താവ് എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്. 

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചന്ദ്രന്‍ വേറെ വിവാഹത്തിന് ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയില്‍ പതിച്ച നിലയിലും ഭിത്തിയില്‍ എഴുതിയ നിലയിലുമാണ് കുറിപ്പ്. 

കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി. 

''ഭാര്യ എന്ന സ്ഥാനം ഇതുവരെ തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്യും. എന്റെയും മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭർത്താവ്, കാശി, ശാന്ത എന്നിവരാണ്. ഈ ലോകം മുഴുവൻ എന്നെയും മോളെയും പറ്റി പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയും ചേർന്നാണ്. 

ഞാൻ വന്നകാലം മുതൽ അനുഭവിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ എനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ നോക്കി. ജീവൻ രക്ഷിക്കാൻ നോക്കാതെ എന്നെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി. ഈ വീട്ടിൽ എന്നും വഴക്കാണ്, നേരം വെളുത്താൽ ഇരുട്ടുന്നത് വരെ. നിന്നെയും മകളെയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നതെന്നും കുറിപ്പിൽ പറയുന്നു. 

ആത്മഹത്യ ചെയ്ത മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യയിൽ അഭിഭാഷക കമ്മീഷനും സമ്മർദ്ദം ചെലുത്തിയതായി തെളിഞ്ഞു. മെയ് പതിന്നാലിന് പണം തിരിച്ചടക്കണമെന്ന് എഴുതിവാങ്ങി. ഇടപാടിൽ കക്ഷിയല്ലാതിരുന്ന മകൾ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.

ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയും കസ്റ്റഡിയിലെടുത്തു ഇവരെ റൂറല്‍ എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്നലെ തന്നെ നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബവഴക്കെന്നാണ് നിലവിലുള്ള സൂചനയെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്തിമതീരുമാനം മൊഴിയെടുപ്പിനും  ശാസ്ത്രീയപരിശോധനയ്ക്കും ശേഷമാകും. ബാങ്കിനെ പഴിപറിഞ്ഞത് തെറ്റിദ്ധാരണ പടര്‍ത്താനോ എന്നും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.  

ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ ചുറ്റി നീങ്ങിയ അന്വേഷണം ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെയാണ് വഴിമാറിയത്. ലേഖയും വൈഷ്ണവിയും തീകൊളുത്തിമരിച്ച മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിക്കുന്ന കുറിപ്പ്.

MORE IN KERALA
SHOW MORE