ഭാര്യയും മകളും പോയി; ചന്ദ്രനൊപ്പം കണ്ണീരണിഞ്ഞ് നാടും; വീട് മൂകസാക്ഷി

vaishnavi-bank-15
SHARE

തങ്ങളാൽ കഴിയുന്നതുപോലെ ബാങ്കിലെ കടം തിരിച്ചടക്കാൻ ശ്രമം നടത്തി. പക്ഷേ...വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ചന്ദ്രൻ വിങ്ങിപ്പൊട്ടി. ഭാര്യയുടെയും മകളുടെയും വിയോഗത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഗൃഹനാഥനായ ചന്ദ്രൻ. കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്നുള്ള അമ്മയുടെയും മകളുടെയും ആത്മഹത്യ ഒരു നാടിനെ മുഴുവൻ വേദനയിലാഴ്ത്തി. 

പുതിയ വീട് പണിത് പുതിയ സ്വപ്നങ്ങളുമായി സന്തോഷത്തോടെ ജീവിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഈ കുടുംബം. വിധി ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്ന് ചന്ദ്രൻ പറയുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. കാര്‍പെന്റർ ജോലി ചെയ്താണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പം വായ്പയടക്കാനുള്ള തുകയും കണ്ടെത്തേണ്ടിയിരുന്നു. 

വായ്പാ തിരിച്ചടവിന് ഇടക്ക് തടസ്സമുണ്ടായപ്പോൾ ജപ്തി ഭീഷണി ഉണ്ടായി. പതിനഞ്ച് വർഷം മു‍ൻപെടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോണിന് എട്ടുലക്ഷത്തോളം ഇതുവരെ ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പണം അടയക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. 

സി കെ ഹരീന്ദ്രൻ എംഎൽഎ ഇടപെട്ട് സ്റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. പക്ഷേ എല്ലാം തകിടം മറിഞ്ഞുവെന്ന് ചന്ദ്രൻ കൂട്ടിച്ചേർത്തു. മോഹിച്ചുവെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 

ജീവനോളം സ്നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗത്തിൽ തകർന്ന ചന്ദ്രൻ നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. മകൾ പഠിച്ച് ജോലി കിട്ടുമ്പോഴേക്ക് എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം. 

MORE IN KERALA
SHOW MORE