ഭാര്യക്ക് മിസ്‍ഡ് കോൾ അടിക്കും; കയ്യിൽ ഉറക്കഗുളിക; ആത്മഹത്യാ ഭീഷണിയുമായി വയോധികൻ

old-man-protest
SHARE

ജില്ലാ കലക്ടർ പട്ടയം അനുവദിക്കാമെന്ന വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച് ആത്മഹത്യാ ഭീഷണിയുമായി വയോധികന്റെ സമരം. കോഴിക്കോട് മുതുകാട് സ്വദേശി പാപ്പച്ചനാണ് ചക്കിട്ടപ്പാറ വില്ലേജ് ഓഫിസിന് മുന്നിൽ പ്രതിഷേധം തുടങ്ങിയത്. നാളെ വൈകിട്ടിന് മുൻപായി രേഖാമൂലം ഉറപ്പ് നൽകിയില്ലെങ്കിൽ ഒരേ സമയം ഭാര്യയെയും മകളെയും കൂട്ടി ആത്മഹത്യ ചെയ്യുമെന്നാണ് പാപ്പച്ചന്റെ  നിലപാട്.

സ്വന്തമായുള്ള ഒരേക്കർ മുപ്പത്ത് ആറ് സെന്റിന് പട്ടയം അനുവദിക്കണമെന്നാണ് പാപ്പച്ചന്റെ ആവശ്യം. ആരോഗ്യ പ്രശ്നങ്ങളുള്ള ഭാര്യയെയും മകളെയും സംരക്ഷിക്കാൻ എഴുപത്തി നാലാം വയസിൽ മറ്റൊന്നും ചെയ്യാനില്ല. ഉദ്യോഗസ്ഥരെക്കണ്ട് പല തവണ ആവശ്യം അറിയിച്ചെങ്കിലും ഗുണമുണ്ടായില്ല. മാർച്ച് അഞ്ചിന് വില്ലേജ് ഓഫിസിന് മുന്നിൽ സമരം തുടങ്ങിയപ്പോൾ ഉടൻ പരിഹരിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകിയിരുന്നു. 

സമരം തുടങ്ങിയപ്പോൾ കൈയ്യിൽ കരുതിയ  പെട്രോൾ പൊലീസ് ബലമായി വാങ്ങി. എന്നാൽ വിഷം കൈയിലുണ്ടെന്നാണ് പാപ്പച്ചൻ പറയുന്നത്. രേഖാമൂലം ഉറപ്പ് കിട്ടിയില്ലെങ്കിൽ ആത്മഹത്യാ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് നിലപാട്.  വിഷയം  സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഒറ്റ ദിവസം കൊണ്ട് തീരുമാനിക്കാനാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്.

MORE IN KERALA
SHOW MORE