രാത്രിയായാൽ വീട്ടിൽ വെള്ളമുയരും; മുട്ടൊപ്പം വെള്ളത്തിൽ കഴിയുന്ന ഒരു കുടുംബം

idukki-family-water-15
SHARE

ഇടുക്കിയിലെ കുടയത്തൂരിൽ ആരും സഹായത്തിനില്ലാതെ ഒരു കുടുംബം ജീവിക്കുന്നത് മുട്ടൊപ്പം വെള്ളത്തിൽ. കിഴക്കേത്ത് വയലിൽ തങ്കപ്പനും (72) ഭാര്യ സുമതിയുമാണ് മലങ്കര ജലാശയത്തോട് ചേർന്ന് മൺഭിത്തിയിൽ തീർത്ത വീട്ടിൽ കഴിയുന്നത്. 23 വർഷമായി ഈ വീട്ടിൽ കഴിയുന്നവരാണ് ഇവർ.

ഇതാദ്യമായാണ് വീട്ടിൽ വെള്ളം കയറുന്നതെന്ന് ദമ്പതികൾ പറയുന്നു. മലങ്കര ജലാശയത്തിൽ ജലനിരപ്പ് 42 മീറ്ററാക്കിയതോടെ ഇവരുടെ മുറ്റത്തും വീടിനകത്തും വെള്ളം കയറി. രാത്രി മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനം ഉയര്‍ത്തുന്നതോടെ വീടിനുള്ളിൽ വീണ്ടും വെള്ളം ഉയരും. 

വീട്ടിനുള്ളിൽ വെള്ളം ഉയരുന്നത് മൂലം ഭീതിയോടെയാണ് കുടുംബം കഴിയുന്നത്. വെള്ളത്തിൽ നിന്ന് കാലിൽ പഴുപ്പ് ബാധിച്ച് തുടങ്ങിയതായി സുമതി പറയുന്നു. ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ തങ്കപ്പൻ കട്ടിലില്‍ തന്നെ ഇരിപ്പാണ്. 

ഇവർക്ക് മൂന്നേമുക്കാൽ സെന്റ് സ്ഥലമാണ് ആകെയുള്ളത്. ഇതിന് പട്ടയമില്ല. മൺകട്ട കൊണ്ട് പണിത വീടായതിനാൽ വീടിനകത്തും മുറ്റത്തും വെള്ളം നിൽക്കുന്നതു കൊണ്ട് മൺ ഭിത്തി ഇടിഞ്ഞ് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതു സമയത്തും അപകടം പ്രതീക്ഷിച്ച് കഴിയുകയാണ് ഈ കുടുംബം. വയോധിക കുടുംബത്തിന് 4 മക്കൾ ആണുള്ളത്.ഒരു ആണും 3 പെൺമക്കളും. ഏക മകൻ തൊടുപുഴയിൽ വാടകയ്ക്ക് താമസിക്കുന്നു. മൂന്ന് പെൺമക്കളെ കെട്ടിച്ചയച്ചു. ഇതിൽ ഒരാൾ ഭർത്താവ് ഉപേക്ഷിച്ച് വീട്ടിൽ വന്ന് നിൽക്കുകയാണ്. ആ മകൾക്ക് ഒരു കുട്ടിയും ഉണ്ട്. വീട്ടിൽ വന്ന് നിൽക്കുന്ന മകളും രോഗിയാണ്.

MORE IN KERALA
SHOW MORE