ജീവനക്കാര്‍ക്ക് ശമ്പളമില്ല; സർക്കാർ സഹായം നിഷേധിച്ചു; തോന്നിയ പോലെ എച്ച്എന്‍എല്‍

vaikom-hnl
SHARE

സംസ്ഥാന സർക്കാരിന്‍റെ സഹായം നിഷേധിച്ചും ജീവനക്കാര്‍ക്ക് ശമ്പളം നൽകാതെയും പൊതുമേഖല സ്ഥാപനമായ എച്ച്എന്‍എല്ലിന്‍റെ പ്രവർത്തനം മാനേജ്മെന്റ് നിർത്തിവെച്ചതായി പരാതി. വൈക്കം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ പ്രവർത്തനമാണ് നാല് മാസമായി നിർത്തിവച്ചിരിക്കുന്നത്. ഏഴ് മാസമായി സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കിയിട്ടില്ല.

കേന്ദ്ര സർക്കാരിന്റെ ഇറക്കുമതിനയത്തിന് പുറമെ ആധുനികവൽക്കരണ നടപടികള്‍ അട്ടിമറിച്ചതോടെയാണ് 2013ല്‍ വെള്ളൂര്‍ എച്ച്എന്‍എലിന്‍റെ കഷ്ടകാലം ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടെ നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ കമ്പനി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കി. ഇതിനിടെ മാലിന്യം പുഴയിലേക്കും പരിസരങ്ങളിലേക്കും തള്ളിയതോടെ കമ്പനിയുടെ പ്രവര്‍ത്തനം മലിനീകരണ ബോര്‍ഡ് തടഞ്ഞു. കഴിഞ്ഞ വര്‍ഷം പകുതി ദിവസം മാത്രമാണ് കമ്പനി പ്രവര്‍ത്തിച്ചത്. 2019 ജനുവരി മുതല്‍ കമ്പനിയില്‍ ഉത്പാദനം നിര്‍ത്തിവെച്ചു. ഒപ്പം നഷ്ടം ചൂണ്ടികാട്ടി ജീവനക്കാര്‍ക്ക് ശമ്പളവും നിര്‍ത്തിവെച്ചു. 453 സ്ഥിരം ജീവനക്കാരുടെയും 400 ഓളം ദിവസകരാർ ജീവനക്കാരുടെ കുടുംബങ്ങളുമാണ് ദുരിതത്തിലായത്. ഇത് കൂടാതെ കമ്പനിയെ ആശ്രയിച്ചു കഴിയുന്ന ആയിരകണക്കിന് ആളുകളുടെ വരുമാനവും ഇല്ലാതായി. കമ്പനി പ്രവര്‍ത്തനം അട്ടിമറിച്ചതിന് പിന്നില്‍ പുതിയ എംഡിയാണെന്നാണ് ആരോപണം.  

കമ്പനി നഷ്ടത്തിലായിരിക്കെ മൂന്ന് കോടി രൂപയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്തതായും തൊഴിലാളികള്‍ ആരോപിക്കുന്നു. ഇത് കൂടാെത ഇരട്ടി വിലക്ക് ആന്ധ്രയില്‍ നിന്ന് അസംസ്കൃത വസ്തുക്കള്‍ വാങ്ങിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം നഷ്ടത്തില്‍ നിന്ന് കരകയറാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇരു സര്‍ക്കാരുകളില്‍ നിന്നും അനുകൂല നടപടി ഇല്ലാത്തതാണ് ശമ്പളം ഉള്‍പ്പെടെ മുടങ്ങാന്‍ കാരണമെന്നാണ് വിശദീകരണം.

MORE IN KERALA
SHOW MORE