അമിത അളവിൽ രാസവസ്തു ചേർത്ത് പഴയ മത്സ്യം; മിന്നൽ പരിശോധന

fish-formalin
SHARE

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  നേതൃത്വത്തിൽ  സംസ്ഥാന വ്യാപകമായി മീൻ വിൽപ്പന കേന്ദ്രങ്ങളിൽ  മിന്നൽ  പരിശോധന. മീൻ സൂക്ഷിക്കുന്നതിന് അമിത അളവിൽ രാസവസ്തുക്കൾ  ചേർക്കുന്നുവെന്ന പരാതിയിലാണ് നടപടി. തൊടുപുഴയിൽ നടന്ന റെയ്ഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കു  നോട്ടീസ് നൽകി.

മീൻ കേടുകൂടാതെ സൂക്ഷിക്കാൻ അമിത അളവിൽ അമോണിയയും  ഫോർമലിനും ഉപയോഗിക്കുന്നു എന്ന പരാതി വ്യാപകമായതോടെയായിരുന്നു മിന്നൽ പരിശോധന. പലയിടങ്ങളിൽ നിന്നും പഴയ മത്സ്യവും അമിത അളവിൽ രാസവസ്തുക്കൾ ചേർത്ത മീനും കണ്ടെത്തി. ഇടുക്കി തൊടുപുഴയിൽ നടന്ന പരിശോധനയിൽ ലൈസെൻസും, വൃത്തിയും ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി. അഞ്ചു ദിവസത്തിനുള്ളിൽ നോട്ടീസ് ലഭിച്ചവർ വിശദീകരണം നൽകണം. പഴകിയ മത്സ്യം സൂക്ഷിക്കുന്നതും, ഐസ് ഉപയോഗത്തിലെ കുറവുമാണ് ഇടുക്കി ജില്ലയിലെ പരിശോധനയിൽ കൂടുതൽ കണ്ടെത്തിയത്. പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

MORE IN KERALA
SHOW MORE