‌‌'പൂരവും സായിപ്പിന് വിറ്റു'; കോപ്പിറൈറ്റ് സോണിക്കെന്ന് ആരോപണം; വിവാദം ചൂടാകുന്നു

thrissur-pooram-copyright
SHARE

ഉപചാരം ചൊല്ലി ഇരുദേശക്കാരും പിരിഞ്ഞതോടെ ഇത്തവണത്തെ തൃശൂർ പൂരം കൊടിയിറങ്ങി. എന്നാൽ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കൊടിയിറക്കമില്ല. പൂരത്തിന്‍റെ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് സോണി മ്യൂസിക്കിനാണെന്നും പലര്‍ക്കും ലൈവ് ചെയ്യാൻ സാധിച്ചില്ലെന്നുമാണ് ആരോപണം.

റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ദി സൗണ്ട് സ്റ്റോറി എന്ന സിനിമക്കായി സോണി മ്യൂസികും റസൂൽ പൂക്കുട്ടിയും ഇലഞ്ഞിത്തറമേളം, പഞ്ചവാദ്യം, പാഞ്ചാലിമേളം, തുടങ്ങിയവയുടെ കോപ്പിറൈറ്റ് വാങ്ങിയെന്നാണ് വാർത്തകൾ. കോപ്പിറൈറ്റ് ഉള്ള ഈ മേളങ്ങളുടെ ശബ്ദം അനുമതിയില്ലാതെ ഉപയോഗിച്ചാൽ അത് കോപ്പിറൈറ്റ് നിമ‌യമങ്ങളുടെ ലംഘനമാകും. ഫെയ്സ്ബുക്ക് ലൈവ് ആയി കൊടുത്താലും അതിന് കോപ്പി റൈറ്റ് ക്ലെയിം ഉണ്ടാകും.

ഇത്തവണ പൂരം ദൃശ്യങ്ങൾ പകർത്താനെത്തിയ തൃശൂരിലെ പല പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ പകർത്താൻ തങ്ങൾക്ക് സാധിച്ചില്ലെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എആര്‍എൻ മീഡിയ അവരുടെ ഫെയ്സ്ബുക്ക് പേജിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെ:

'' ഈ വർഷം തൃശ്ശൂർ പൂരം ARN LIVE ഉണ്ടായിരിക്കുന്നതല്ല....

കാരണങ്ങൾ
1. സാമ്പത്തികം
2. കോപിറൈറ്റ് പ്രശ്നങ്ങൾ

സാമ്പത്തികം - ഈ കഴിഞ്ഞ പെരുവനം ആറാട്ടുപുഴ പൂരങ്ങൾ കടം ആണ് ഇപ്പോഴും ലൈവ് ചെയ്തതിന് ..... പൂരത്തിലെ മേളങ്ങൾ എല്ലാം സോണി മ്യൂസിക് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറിയിൽ കൂടി കോപിറൈറ്റ് എടുത്തിരിക്കാണ് ..... അതു കൊണ്ട് പരസ്യവരുമാനം കിട്ടില്ല .... പരസ്യം തന്നെ കിട്ടില്ല..... മാത്രമല്ല ഫേസ്ബുക്കിൽ ലൈവ് നടന്ന് കൊണ്ടിരിക്കെ തന്നെ ഫേസ്ബുക്ക് 'ലൈവ് ബ്ലോക്കാക്കും (ആറാട്ടുപുഴ മേളം ലൈവ് വിട്ടപ്പോൾ ഉണ്ടായ അനുഭവം)
പിന്നെ ലൈവ് വിടാൻ പറ്റുന്നത് യുടുബിൽ മാത്രം നല്ല ക്വാളിറ്റിയിൽ വിടാൻ പറ്റും... എന്നാൽ അതിലും പരസ്യവരുമാനം കിട്ടുകയുമില്ല..... ചുരുക്കി പറഞ്ഞാൽ സ്വന്തം കൈയിൽ നിന്ന് അല്ലെങ്കിൽ കടം വേടിച്ച് ലൈവ് ചെയ്ത് അതിൽ നിന്ന് തിരിച്ചൊന്നും കിട്ടില്ല.... കൂടുതൽ കടക്കെണിയിലേക്ക് ARN ചെന്ന് പെടും.... പെരുവനം ആറാട്ടുപ്പുഴ പൂരത്തിനും ഇതു തന്നെ ആയിരുന്നു അവസ്ഥ .... ഒരു പാട് പേർ സഹായിക്കാമെന്ന് പറഞ്ഞിരുന്നു.... ഒരാൾ മാത്രമെ സഹായിച്ചുള്ളു.... മിച്ചം കടം കൂടി.... ഇതു ARN ന്റ മാത്രം അവസ്ഥ അല്ല. ഓൺലൈനിൽ ആര് ലൈവ് ചെയ്താലും ഇതു തന്നെ സ്ഥിതി''.

പൂരം ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് സോണിക്ക് വിറ്റു എന്ന വാർത്തകൾ വന്നതിനു പിന്നാലെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവസാനം പൂരവും സായിപ്പിനു വിറ്റു എന്ന് രാകേഷ് പിഎസ് എന്ന ആൾ രോഷം കൊള്ളുന്നു.

രാകേഷിന്‍റെ പോസ്റ്റ്:
''അവസാനം പൂരവും സായിപ്പിന് വിറ്റു ..

പൂരത്തിന്റെ ശബ്ദങ്ങളുടെ കോപ്പി റൈറ്റ് ഇനി സോണി മ്യൂസിക്കിന് സ്വന്തം . സ്വന്തം നാട്ടിലെ വേലയും പൂരവും ഒക്കെ ഇനി ഫേസ്ബുക്കിൽ അല്ലെങ്കിൽ യൂട്യൂബിൽ ഒക്കെ കാണാൻ പറ്റാതെ ആവും . കോപ്പി റൈറ്റ് വയലേഷൻ എന്ന പേരിൽ വിഡിയോകൾ ബ്ലോക്ക് ചെയ്യപ്പെടും . പൂരത്തിന് ശബ്ദം ഒപ്പിയെടുത്ത റസൂൽപൂക്കുട്ടി അത് സോണി മ്യൂസിക്കിന് വിൽക്കുകയും അവർ അത് കോപ്പി റൈറ്റ് ആക്കി എന്നുമാണ് അറിയുന്നത് . കേരളത്തിലെ മിക്കവാറും പ്രധാന ഉത്സവങ്ങൾ എല്ലാം തന്നെ കവർ ചെയ്തു വന്നിരുന്ന സുഹൃത്ത് വിനുവിന്റെ സംരംഭമായ ARN മീഡിയ ഇത്തവണ തൃശൂർ പൂരം ലൈവ് ചെയ്തിരുന്നില്ല . ആറാട്ടുപുഴയിലും മറ്റും അവര്ക് ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിരുന്നു . സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനാൽ അവർ ഈ പരിപാടി അവസാനിപ്പിക്കാൻ ആലോചിക്കുകയാണ് . നാട്ടിൽ ഉത്സവത്തിന് പങ്കെടുക്കാൻ കഴിയ്യാത്ത പ്രവാസികൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഇത്തരത്തിൽ ഉള്ള സംപ്രേക്ഷണങ്ങൾ . ഇനീപ്പോ കേരളത്തിന്റെ സ്വന്തം പഞ്ചാരിയും , പഞ്ചവാദ്യവും ഒക്കെ വീഡിയോ കാണണമെങ്കിൽ സോണി മ്യൂസിക് കനിയണം എന്ന അവസ്ഥയിലേക്കാണ് പോവുന്നത് .കോപ്പി റൈറ്റ് എടുക്കാൻ ഈ പറയുന്ന വാദ്യമേളങ്ങൾ ഒന്നും ഇവന്മാരുടെ സൃഷ്ടി അല്ല. അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നതിനിടയിൽ ആണുങ്ങൾ വന്ന് ഇട്ടിരുന്ന ഷഡ്ജം ഊരിക്കൊണ്ട് പോയി .അതാപ്പോ ശെരിക്കും ഇണ്ടായത് . .സാംസ്കാരിക നായകർ ഒക്കെ എവിടെപ്പോയി കിടക്കുകയാണോ എന്തോ ???''

MORE IN KERALA
SHOW MORE