കയ്യേറ്റം തിരിച്ചുപിടിച്ച് മരട് നഗരസഭ; നിയമപോരാട്ടത്തിനൊടുവിൽ നടപടി

maradu-land
SHARE

ഇരുപത്തിരണ്ട് വർഷം മുൻപ് തോട് നികത്തി സ്വകാര്യ വ്യക്തികൾ നടത്തിയ വൻ കയ്യേറ്റം തിരിച്ചുപിടിച്ച് മരട് നഗരസഭ. മരടിലെ അയണിത്തോട് കയ്യേറിയവർക്കെതിരായ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണൽ ഉത്തരവിനെത്തുടർന്നാണ് നടപടി. തോട് കയ്യേറ്റംകാരണം വർഷങ്ങളായി പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

മരട് പഞ്ചായത്തിന്റെ കാലത്തുണ്ടായ കയ്യേറ്റമാണ് ഇപ്പോഴത്തെ നഗരസഭ പൊളിച്ചുനീക്കിയത്. ഒന്നരക്കിലോമീറ്റര്‍ നീളമുള്ള അയണിത്തോട് കയ്യേറി നികത്തി സ്വന്തം വസ്തുവിന്റെ ഭാഗമാക്കിയ അറുപത്തിമൂന്ന് വീട്ടുകാർ പ്രദേശത്തുണ്ടായിരുന്നു. പലകാലങ്ങളിലായി ഇതിൽ അറുപത് വീട്ടുകാരും കയ്യേറ്റം ഒഴിയാൻ തയാറായി. വഴങ്ങാത്ത മൂന്ന് വീട്ടുകാരുമായി കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി നഗരസഭ നിയമപോരാട്ടത്തിലായിരുന്നു. അതിന് അന്ത്യംകുറിച്ചാണ് തദ്ദേശ സ്വയംഭരണ ട്രൈബ്യൂണൽ ഉത്തരവ് വന്നതിന് പിന്നാലെ മൂന്ന് വീട്ടുകാരും തോട് കയ്യേറി നിര്‍മിച്ച മതില്‍ക്കെട്ട് ഉള്‍പ്പടെ ജെസിബി ഉപയോഗിച്ച് പൊളിച്ചത്. 

സ്ഥലം കയ്യേറിയവര്‍ തടസവുമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഏഴരമീറ്ററോളം  വീതിയുണ്ടായിരുന്ന അയണിത്തോട് കയ്യേറ്റത്തെത്തുടര്‍ന്ന് പലഭാഗത്തും രണ്ട് മീറ്ററായി ചുരുങ്ങി. ഇതോടെയാണ് വര്‍ഷങ്ങളായി പ്രദേശത്ത് െവള്ളക്കെട്ട് രൂക്ഷമായതും . പുതിയ സാഹചര്യത്തില്‍ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.

MORE IN KERALA
SHOW MORE