ആദിവാസികളുടെ കിടപ്പാട നിര്‍മാണം പ്രതിസന്ധിയിൽ; തടസപ്പെടുത്തി വനം വകുപ്പ്

tribechokad02
SHARE

മലപ്പുറം ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയില്‍ ഡി.എഫ്.ഒയുടെ അനുമതിയോടെ നിര്‍മാണം തുടങ്ങിയ വീടുകള്‍ക്ക് തടസവാദവുമായി വനംവകുപ്പ്. തറനിര്‍മാണം പൂര്‍ത്തിയായ ശേഷം ഉദ്യോഗസ്ഥര്‍ തടസവാദവുമായി എത്തിയതോടെ കോളനിയിലെ പത്തു കുടുംബങ്ങളുടെ കിടപ്പാട നിര്‍മാണം പ്രതിസന്ധിയിലായി. 

പതിറ്റാണ്ടുകളുടെ കാത്തിരുപ്പിനൊടുവില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമാണ് ചിങ്കക്കല്ലു കോളനിയില്‍ പത്തു വീടുകളുടെ നിര്‍മാണം തുടങ്ങിയത്. കോളനിക്കാരുടെ സ്വന്തം ഭൂമി പാറക്കെട്ടായതുകൊണ്ട് തൊട്ടു ചേര്‍ന്നുളള വനഭൂമിയില്‍ വീടു വക്കാന്‍ ഡി.എഫ്.ഒ അനുമതി നല്‍കുകയായിരുന്നു. ആദ്യഘട്ട ഫണ്ടനുവദിച്ച് തറനിര്‍മാണം പൂര്‍ത്തിയായ ശേഷമാണ് വനം ഉദ്യോഗസ്ഥര്‍ തന്നെ വീടു നിര്‍മാണം തടഞ്ഞത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് താഴെയാണ് ഈ കുടുംബങ്ങളുടെ താമസം. കാട്ടാനയടക്കമുളള വന്യമൃഗങ്ങളെ പേടിച്ച് രാത്രി സമയങ്ങളില്‍ കിടന്നുറങ്ങാന്‍ പോലും കോളനിക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലമില്ല.

കലക്ടര്‍ ഇടപെട്ടെങ്കിലും ആദ്യം അനുമതി നല്‍കിയ വനഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വനംവകുപ്പ്. കാലവര്‍ഷം അടുത്തു വരുബോള്‍ കൊച്ചുകുട്ടികളെയുമായി എങ്ങോട്ടു പോവുമെന്നാണ് ഈ ആദിവാസി കുടുംബങ്ങളുടെ ചോദ്യം.

MORE IN KERALA
SHOW MORE