സിമന്റ് വില നിയന്ത്രണം; കമ്പനികളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു

cement
SHARE

സിമന്റ് വില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി അടുത്തമാസം രണ്ടിന് സിമന്റ് കമ്പനികളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. വിലവര്‍ധന ലൈഫ് പദ്ധതിയെ ബാധിച്ച സാഹചര്യത്തിലാണ് നടപടി. നേരത്തെ മൂന്നുതവണ യോഗംവിളിച്ച് വിലകുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കമ്പനികള്‍ വഴങ്ങിയിരുന്നില്ല. 

ജനുവരിയില്‍ 360 രൂപയായിരുന്ന ഒരു ചാക്ക് സിമന്റിന്റെ വില ഇപ്പോള്‍ 400 രൂപയാണ്. ഇന്‍വോയിസ് വില 410 രൂപയും. പത്തുരൂപ വിതരണക്കാര്‍ക്ക് റീഫണ്ട് ചെയ്യുന്നതുകൊണ്ടാണ് 400 രൂപയ്ക്ക് ഉപഭോക്താവിന് സിമന്റ് ലഭിക്കുന്നത്. ഇത് ഏതുനിമിഷവും 410 രൂപയായി വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികള്‍ക്കാകും. ഈ സാഹചര്യത്തില്‍ ഇന്‍വോയിസ് വിലയും വില്‍പ്പനവിലയും കുറയ്ക്കണമെന്നും വിതരണം വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ മൂന്നുതവണ യോഗം വിളിച്ച് കമ്പനികളോട് ആവശ്യപ്പെട്ടു. വിലവര്‍ധന ലൈഫ് ഭവനപദ്ധതിയെ ബാധിക്കാതിരിക്കാന്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചാണ് ആവശ്യപ്പെട്ടത്. വിലകുറയ്ക്കുന്ന കാര്യം ഫെബ്രുവരി 27നകം അറിയിക്കണമെന്ന് വ്യവസായമന്ത്രിയും നിര്‍ദേശിച്ചു. എന്നാല്‍ വിലകുറയ്ക്കാനാവില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി. ഇതോടെയാണ് വ്യവസായമന്ത്രി മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടിയത്.

  നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനയും ദൗര്‍ലഭ്യവും മൂലം കുറേനാളായി നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. അത് സിമന്റിന്റെ ഡിമാന്റിനെയും ബാധിച്ചു. എന്നിട്ടും വില ഉയര്‍ന്നുനില്‍ക്കുന്നത് കമ്പനികള്‍ സംഘടിതമായി വിപണിയില്‍ നടത്തുന്ന ഇടപെടല്‍ മൂലമാണെന്നാണ് പരാതി. 

MORE IN KERALA
SHOW MORE