കന്നിവോട്ടല്ല; മണ്ടത്തരം പറയരുത്’; തെളിവുമായി സെബാസ്റ്റ്യൻ പോളിനോട് തുറന്നടിച്ച് ടൊവിനോ

tovino-replies-sebastian-paul-23
SHARE

മോഹൻലാലും ടൊവിനോ തോമസും ചെയ്തത് കന്നിവോട്ടെന്ന വാർത്തക്ക് പിന്നാലെ വിമർശനമുന്നയിച്ച എഴുത്തുകാരനും സിപിഎം സഹയാത്രികനുമായ സെബാസ്റ്റ്യൻ പോളിന് മറുപടി നൽകി ടൊവിനോ തോമസ്. താൻ ചെയ്തത് കന്നിവോട്ടല്ലെന്നും മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുതെന്നും ടൊവിനോ പറഞ്ഞു. ഫെയ്സ്ബുക്കിൽ സെബാസ്റ്റ്യൻ പോൾ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ടൊവിനോയുടെ മറുപടി. 

''അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു പറയട്ടെ, ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാൻ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാൻ എഴുതിയതിന്റെ അർത്ഥം എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാൻ വഴികൾ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി''- ടൊവിനോ കുറിച്ചു. 

കമന്റിന് പിന്നാലെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിപ്പായും ടൊവിനോ മറുപടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ഗപ്പി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നാഗർകോവിലിൽ നിന്ന് ഇരിങ്ങാലക്കുടയിലെത്തി വോട്ട് ചെയ്തിരുന്നു. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടർച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാൻ ഓർക്കുന്നു. സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങൾ ആണ്. വിരലിൽ മഷി പുരണ്ട ഗപ്പിയിലെ ചിത്രവും ടൊവിനോ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്''. 

''എന്റെ പ്രായം 30 വയസ്സ്‌ ആണ് സർ, എന്റെ 30 വയസ്സിനിടക്ക്‌ വന്ന നിയമസഭ ഇലക്ഷൻ, ലോക്‌സഭ ഇലക്ഷൻ, മുൻസിപാലിറ്റി ഇലക്ഷൻ തുടങ്ങിയവയിൽ എല്ലാം ഞാൻ വോട്ട്‌ ചെയ്തിട്ടുണ്ട്‌. ഇനി ജീവിതകാലം മുഴുവൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നിടത്തോളം കാലം ഞാൻ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും''-ടൊവിനോ കുറിച്ചു.  

മോഹൻലാലും ടൊവിനോ തോമസും കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടെന്നും ഇരുവർക്കും ഇപ്പോഴായിരിക്കും ജനാധിപത്യത്തിലെ പ്രായപൂർത്തിയായത് എന്നുമായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ പരിഹാസം. ഹഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി അവരെ ആദരിക്കുന്നു. പദ്മങ്ങൾ അവർക്കായി വിടരുന്നു. ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.- ഇപ്രകാരമായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ വിമർശനം.

MORE IN KERALA
SHOW MORE