സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഒാഫിസ് ഇടതുമുന്നണി പ്രവർത്തകർ പൂട്ടിച്ചു; രോഷം പടരുന്നു

kallada-office
SHARE

യാത്രക്കാരെ തല്ലിച്ചതച്ച സുരേഷ് കല്ലട ബസ് ജീവനക്കാർക്കെതിരെ വമ്പൻ പ്രതിഷേധമാണ് ഉയരുന്നത്.  കല്ലട ബസിന്‍റെ വൈക്കത്തെ ബുക്കിങ് ഓഫിസ് ഇടതുമുന്നണി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അടപ്പിച്ചു. ബുക്കിങ് ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെ പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ഇവിടെ നിന്ന് സർവീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി രോഷം ഉയരുകയാണ്. സൈബർ ലോകത്തും വൻ പ്രതിഷേധങ്ങളാണ്. കല്ലട ബസ് ബഹിഷ്കരിക്കണം എന്ന ആഹ്വാനവുമായി ഒട്ടേറെ പേർ രംഗത്തെത്തി. 

യാത്രക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ കല്ലട ബസിന്‍റെ പെര്‍മിറ്റും റദ്ദാക്കി. ഇതിനൊപ്പം കല്ലട ഗ്രൂപ്പിന്‍റെ  എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കുമെന്നും അറിയിച്ചു. യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലുമായി. മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. കല്ലട ബസിന്റെ ഉടമയെ വിളിച്ച് വരുത്താന്‍ പൊലീസ് തീരുമാനിച്ചു. കല്ലട അടക്കമുള്ള അന്തർ സംസ്ഥാന ബസുകൾ നിയമാനുസൃതമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

ഇന്നലെ ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് കല്ലട ബസ് ജീവനക്കാരില്‍നിന്ന് നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദനമാണ്. ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദിച്ചെന്ന് ഇരയായ യുവാവ് അജയഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞു. കല്ലട സുരേഷേട്ടനെതിരെ പൊലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN KERALA
SHOW MORE