‘നീ ആരെടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പരാതി കൊടുക്കാൻ..?’ ആക്രോശം; ക്രൂരത: അനുഭവം

kallada-passenger-attack
SHARE

‘നീ ആരെടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി കൊടുക്കാൻ. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്....’ ഈ ആക്രോശവുമായാണ് 15 പേരടങ്ങുന്ന സംഘം ഞങ്ങളെ മർദിച്ചത്. ഞാൻ ചികിൽസയിലാണ്. ജീവന് തന്നെ ഭീഷണിയുണ്ട്. സഹായിക്കണം..’ ശനിയാഴ്ച കല്ലട എന്ന സ്വകാര്യ ബസിൽ നടന്ന സംഭവങ്ങൾ മർദനത്തിനിരയായ അജയഘോഷ് എന്ന വ്യക്തി മനോരമ ന്യൂസിനോട് പറഞ്ഞു. ഗുണ്ടായിസത്തിന് ഇരയായ ആ രാത്രിയെ കുറിച്ച് അജയഘോഷിന്റെ വാക്കുകളിങ്ങനെ.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസാണ്. രാത്രി 10 മണിയോടെ ബസ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. പിന്നീട് കണ്ണുതുറക്കുമ്പോൾ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിർത്തിയിട്ടിരിക്കുകയാണ്. പുറത്ത് ബഹളം കേട്ടാണ്  ഞാൻ പുറത്തേക്ക് ചെല്ലുന്നത്. കുറച്ച് വിദ്യാർഥികൾ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. കാര്യം തിരക്കിയപ്പോൾ ബസ് ബ്രോക്ക് ഡൗൺ ആണെന്നും ഉടൻ പോകില്ലെന്നും വിവരം കിട്ടി. ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയിൽ ഇട്ടിരിക്കുന്നത് ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഇതു കേൾക്കാൻ തയാറായില്ല. അങ്ങനെ ഞാൻ ബസിന്റെ ഒാഫിസിൽ വിളിച്ചു. ‘തിരുവനന്തപുരത്ത് നിന്ന് മെക്കാനിക്ക് വരും, എന്നിട്ട് നീയാെക്കെ പോയാ മതി..’ എന്നായിരുന്നു ലഭിച്ച മറുപടി. 

ഇതോടെ ഞാൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി കർശന നിലപാട് സ്വീകരിച്ചു. വേറെ ബസ് എത്തിച്ച് ഞങ്ങളെ അതിലേക്ക് മാറ്റി. ഇനി തർക്കം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ യാത്രയാക്കിയത്. എന്നാൽ ബസ് കൊച്ചിയിലെത്തിയപ്പോൾ 15 പേരടങ്ങുന്ന സംഘം വണ്ടിയിൽ കയറി. എന്റെ കോളറിൽ പിടിച്ചുനിർത്തി ചോദിച്ചു. നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്.. ഇങ്ങനെ ചോദിച്ച് മർദിക്കാൻ തുടങ്ങി. എന്നെ മർദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാർഥികൾ ഇടപെട്ടു. 22 വയസിനടുപ്പ് പ്രായം വരുന്ന ആ കുട്ടികളെ പിന്നീട് ക്രൂരമായിട്ടാണ് ഇൗ ഗുണ്ടകൾ മർദിച്ചത്. ഇതെല്ലാം ആ വിഡിയോയിൽ കാണാം.

kallada

ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ മർദനം തുടർന്നതോടെ ഞങ്ങൾ ബസിൽ നിന്നിറങ്ങി. എന്നിട്ടും അവർ വിട്ടില്ല. വലിച്ചിഴച്ച് പുറത്തിറക്കി തല്ലി. കുതറിയോടാൻ ശ്രമിച്ച എന്റെ തലയിൽ കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തി. എന്റെ തലയിൽ ഇപ്പോഴും പരുക്കുണ്ട്. ആ കുട്ടികളോട് ചെയ്ത കൊടുംക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല. കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് അവർ കാണിച്ചത്. പരാതി കൊടുത്താൽ പോലും വേണ്ട നടപടി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷ് എന്ന വ്യക്തിയുടെ പേര് പറഞ്ഞാണ് ഇൗ അക്രമം. ഇൗ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത വ്യക്തിക്കെതിരെയും ഭീഷണിയുണ്ട്. ആ കുട്ടികൾ പാലക്കാട് ചികിൽസയിലാണ്. എനിക്ക് നല്ല പേടിയുണ്ട്. അവർ ഞങ്ങളെ അപായപ്പെടുത്തുമോ എന്ന്. എന്റെ ബാഗും മൊബൈലും അവർ പിടിച്ചുവച്ചിരിക്കുകയാണ്. ബാഗിൽ ഒരുലക്ഷം രൂപയിൽ പുറത്ത് പണമുണ്ട്. ഇതിൽ ദയവ് ചെയ്ത് പൊലീസ് നടപടി സ്വീകരിക്കണം. ഇൗ ഗതികേട് ഇനി ആർക്കും ഉണ്ടാവരുത്. കല്ലട സുരേഷിന്റെ ബസിനെതിരെ  പ്രതിഷേധിക്കാൻ പോലും ഇവിടെ അവകാശമില്ലേ.. ചോദ്യം ചെയ്താൽ ഇതാണ് കല്ലട സുരേഷിന്റെ ഗുണ്ടകളുടെ മറുപടി...’ അജയഘോഷ് പറയുന്നു. അജയഘോഷിന്റെ വാക്കുകളുടെ പൂര്‍ണ വിഡിയോ കാണാം. 

ഇന്നലെ വൈകിട്ട് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

MORE IN KERALA
SHOW MORE