കല്ലടക്ക് മൂക്കുകയറിട്ട ഹീറോ; ജേക്കബിന്റെ വിഡിയോ ഉണർത്തിയ രോഷം; വാഴ്ത്ത്

jacob-video-22
SHARE

ഡോ.ജേക്കബ് ഫിലിപ്പ്–  ഇദ്ദേഹമാണ് ഇന്നത്തെ ഹീറോ. ജേബ്ബക് മൊബൈലിൽ പകർത്തിയ വിഡിയോ ഇല്ലായിരുന്നുവെങ്കിൽ കല്ലട ബസിൽ അരങ്ങേറിയ ക്രൂരത കേരളം അറിയില്ലായിരുന്നു. വിഡിയോ പങ്കുവെച്ച് ജേക്കബ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് പുറംലോകം വിവരമറിഞ്ഞത്.  ആദ്യം വാർത്ത നൽകിയത് മനോരമ ന്യൂസ്. പിന്നാലെ രോഷം, പരാതിപ്രളയം, നടപടി. 

സഹയാത്രികരായ യുവാക്കളെ വളഞ്ഞിട്ട് ഒരു സംഘം ആക്രമിക്കുന്നത് കണ്ടാണ് ജേക്കബ് ഉറക്കത്തിൽ നിന്നുണർന്നത്. മറ്റ് യാത്രക്കാരെല്ലാം ഭയന്നുവിറച്ചിരിക്കുകയായിരുന്നു. ബസിന് പുറത്തും ആളുകളുണ്ടായിരുന്നു.  ഗുണ്ടായിസമെല്ലാം ജേക്കബ് മൊബൈലിൽ പകര്‍ത്തി. ബസിലിരുന്ന് വിശദമായ കുറിപ്പോടെ പൊലീസിനെ വിവരമറിയിക്കാൻ ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. 

വിവരമറിയാൻ വിളിച്ച മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ പറഞ്ഞു. അതേ ബസിൽ മണിക്കൂറുകൾ യാത്ര ചെയ്ത് ബെംഗളുരുവിലാണ് ജേക്കബ് ഇറങ്ങിയത്. അതിനിടെ കല്ലടയിൽ നിന്നുള്ള ഭീഷണി ഫോൺ കോളുകളുമെത്തി. ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്ന് ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു. 

കല്ലടയിലെ ബസില്‍ നടന്നത് അതിക്രൂരമായ അക്രമമെന്ന് സംഭവം പുറംലോകത്തെ അറിയിച്ച ഡോ.ജേക്കബ് ഫിലിപ് മനോരമ ന്യൂസിനോട് പറഞ്ഞു. യുവാക്കളെ റോഡില്‍ ഓടിച്ചിട്ട് അടിച്ചു‌. തലമുടി വലിച്ച് ബിയര്‍ കുപ്പി കൊണ്ട് അടിക്കാനും ശ്രമിച്ചതും കണ്ടു. കല്ലട ബസുകാര്‍ തന്നെ പിന്നീട് ഫോണില്‍ ഭീഷണിപ്പെടുത്തി. ദൃശ്യം ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും പറഞ്ഞു.

ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാർ കൊച്ചിയിൽ അറസ്റ്റിൽ. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകും.

MORE IN KERALA
SHOW MORE