കുഞ്ഞിനേറ്റത് ഭീകര പീഡനം; 50 ഇടങ്ങളിൽ രക്തം കട്ട പിടിച്ചു, മർദ്ദനം കൊല്ലാൻ ലക്ഷ്യമിട്ട്

eloor-kid-murder
SHARE

ഏലൂരിൽ മൂന്നു വയസുകാരനെ മാതാവ് മർദ്ദിച്ചത് കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണെന്ന്  പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കുട്ടിയുടെ മുഖത്തും ഇരുപാദങ്ങളിലും വടികൊണ്ടും കൈകൊണ്ടും അടിച്ച പാടുകളുണ്ട്. പിൻഭാഗത്തും വലതുപാദത്തിലും പൊള്ളൽ ഏൽപിച്ചിട്ടുണ്ട്. ശരീരത്തിൽ 50 ഇടങ്ങളിൽ രക്തം കട്ടപിടിച്ച പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു

ഈമാസം 15 മുതൽ 17 വരെ കുഞ്ഞിനെ തുടർച്ചയായി ഉപദ്രവിച്ചു. 17ന് ചപ്പാത്തി പരത്തുന്ന തടി കൊണ്ട് രണ്ട് കാൽപാദങ്ങളിലും ഇരു തുടകളിലും അടിക്കുകയും കൈകൊണ്ട് മുഖത്ത് അടിക്കുകയും ചെയ്തു. ചൂടുള്ള സ്റ്റീൽ സ്പൂൺ ഉപയോഗിച്ചാണ് കുട്ടിയെ പൊള്ളിച്ചത്. മരണ കാരണമായി തലയ്ക്കേറ്റ പരുക്ക് ബലം പ്രയോഗിച്ചു തള്ളിയപ്പോഴുള്ള വീഴ്ചയിൽ ഉണ്ടായതാകാമെന്നും തലയ്ക്കു സംഭവിച്ച മറ്റു പരുക്കുകൾ പല ദിവസങ്ങളിലായി സംഭവിച്ചതാണെന്നും കുട്ടിയെ ചികിത്സിച്ച ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്

കൊച്ചി മെട്രോ നിർമാണ യാഡിലെ ക്രെയിൻ ഡ്രൈവറായ ബംഗാൾ സ്വദേശിയുടെയും ജാർഖണ്ഡ് സ്വദേശിനിയുടെയും മകനാണു മരിച്ചത്. തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അതീവ ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയിലാണു ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ മരിച്ചു. 

തിര‍ഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞാൽ കുട്ടിയുടെ മാതാപിതാക്കളെ കൂടുതൽ അന്വേഷണത്തിനു കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. ഇവർക്കു വേണ്ടി ഹാജരാകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകയെ നിയോഗിച്ചിട്ടുണ്ട്

സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ഇയാളുടെ അറസ്റ്റ് ഇന്നലെ രാവിലെയാണു രേഖപ്പെടുത്തിയത്. പീഡന വിവരം മറച്ചുവച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനുമാണ് കേസെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവിനെതിരെ കൊലക്കുറ്റത്തിനാണു കേസ്. ഇവർ റിമാൻഡിലാണ്. 

കുഞ്ഞിന്റെ മൃതദേഹം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പാലയ്ക്കാമുകൾ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ ഇന്നലെ ഉച്ചയ്ക്കു കബറടക്കി. മൃതദേഹം കാണാൻ മാതാപിതാക്കളെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 

MORE IN KERALA
SHOW MORE