അമ്മ ജയിലിൽ; അച്ഛൻ കസ്റ്റഡിയിൽ; ഏറ്റെടുക്കാൻ ആരുമില്ലാതെ അവന് കബറൊരുങ്ങി

child-abuse
SHARE

കേരളത്തിന് ഇന്നലെ ഇരട്ടദുഃഖവെള്ളിയായിരുന്നു. കൊടിയ മർദനമേറ്റ്, ഇതരസംസ്ഥാനക്കാരനായ 3 വയസുകാരൻ മരിച്ച ദിവസം. അവനെ വധിക്കാൻ ശ്രമിച്ച കേസിൽ അമ്മ ജയിലിൽ. അച്ഛൻ പൊലീസ് കസ്റ്റഡിയിൽ. ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരുമില്ലാതെ പോയ അവനു വേണ്ടി കാത്തിരുന്നത് കളമശേരി ഏലൂരിലെ സുമനസ്സുകൾ. ഇതരസംസ്ഥാനക്കാരായ അച്ഛനമ്മമാരുടെ മകനു വേണ്ടി ഏലൂർ പാലയ്ക്കാമുകൾ  ജുമാമസ്ജിദിൽ അവർ കബറിടമൊരുക്കി കാത്തിരിക്കുകയാണ്.

ആശുപത്രിയിൽ അവൻ അന്ത്യയാത്രയ്ക്കൊരുങ്ങുമ്പോൾ, വിങ്ങിക്കരഞ്ഞ് പിതാവ് കാണാനെത്തിയിരുന്നു.  ഇന്ന് അമ്മയും അവനെ കാണും. അതുവരെ, എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഫ്രീസറിൽ അവനുറങ്ങും, വേദനയില്ലാതെ. വിളിച്ചുണർത്തി, ആരും ദേഹത്തു ചട്ടുകം പഴുപ്പിച്ചു വയ്ക്കില്ലെന്ന ധൈര്യത്തോടെ. ആശുപത്രിയിൽ പൊലീസിനെ സഹായിക്കാനും മറ്റുമായി  ഏലൂരിലെ കൗൺസിലർ നസീറ റസാക്കിന്റെ നേതൃത്വത്തിൽ നാട്ടുകാർ എത്തിയിരുന്നു. 

കലക്ടർ മുഹമ്മദ് സഫിറുല്ല, ജില്ലാ ശിശുസംരക്ഷണ ഓഫിസർ കെ.ബി. സൈന, സിറ്റി അസി. കമ്മിഷണർ പി.എസ്.സുരേഷ് എന്നിവരും ആശുപത്രിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ.ടി.എം.മനോജിന്റെ നേതൃത്വത്തിൽ  2.45നു തുടങ്ങിയ പോസ്റ്റ്മോർട്ടം 5 മണിയോടെ അവസാനിച്ചു.  റിപ്പോർട്ട് 2 ദിവസത്തിനകം പൊലീസിനു കൈമാറുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

MORE IN KERALA
SHOW MORE