കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടു പോകണമെന്ന് മന്ത്രി; പറ്റില്ലെന്ന് ടീം: ഒടുവിൽ നടന്നത്

shylaja-ambulance
SHARE

പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവനുമായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പാഞ്ഞ ആംബുലൻസിന് കേരളം വഴിയൊരുക്കിയിരുന്നു. ആംബുലൻസിന്റെ യാത്രാമധ്യേ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ഇടപെടൽ മൂലം കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാൽ ചെലവിൽ ചികിൽസ നടത്താമെന്ന് മന്ത്രി ഉറപ്പും നൽകി. എന്നാൽ ഈ തീരുമാനത്തിലേക്ക് എത്താൻ ഒരു മണിക്കൂറോളം സമയം എടുത്തു. കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകേണ്ടെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീം വാശിപിടിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് വലുതെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുത്തോണമെന്ന് മന്ത്രി കർശനമായി നിർദേശിച്ചതിനെത്തുടർന്നാണ് അമൃതയിലേക്ക് വഴിമാറിയത്.

തിരുവനന്തപുരം ശ്രീചിത്ര വരെ സഞ്ചരിക്കുന്നത് കുഞ്ഞിന്റെ ജീവന് അപകടകരമാണെന്ന് തോന്നിയതുകൊണ്ടാണ് മന്ത്രി ഇടപെട്ടത്.  ശ്രീചിത്രയിൽ തന്നെ കൊണ്ടുവരണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനമെന്നും മന്ത്രി അറിയിച്ചു. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാൽ അമൃതിലെ പ്രവേശിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളുവെന്നും മന്ത്രി പറഞ്ഞു. 

18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹൃദ്രോഗം വന്നാൽ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നതാണ് ഈ പദ്ധതി. ഇതുവരെ 1100 ലേറെ കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സ ലഭ്യമാക്കി. ഇതും ഹൃദ്യത്തിൽ ഉൾപ്പെടുത്തി ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.

കാസര്‍കോട് സ്വദേശികളായ സാനിയ– മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് മിഷന്‍  ഒരുക്കിയത്. 15 മണിക്കൂര്‍ വേണ്ട മംഗളൂരു –തിരുവനന്തപുരം യാത്ര പരമാവധി വേഗമാക്കി കുട്ടിയെ   ശ്രീചിത്ര ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം നവമാധ്യമങ്ങളിൽ അടക്കം ജനങ്ങളുടെ സഹകരണം തേടി. പതിനൊന്ന് മണിയോടെ മംഗളൂരുവില്‍നിന്ന് പുറപ്പെട്ടു.

പന്ത്രണ്ട് നാല‍്‍പതോടെ കണ്ണൂര്‍,  1.58 ന് കോഴിക്കോട്. തിരുവനന്തപുരത്തേക്ക് അപ്പോഴേക്കും മണിക്കൂറുകളുടെ യാത്ര ബാക്കി. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ഥിച്ച് ഫെയ്സ് ബുക് പോസ്റ്റിട്ടു. രണ്ടുമണിയോടെ ആരോഗ്യമന്ത്രി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടതോടെ പിഞ്ചുകുഞ്ഞിന്റെ യാത്രയുടെ വഴിമാറി. അമൃത ലക്ഷ്യമാക്കി ആംബുലൻസ് പറന്നു.  

ഇതിനിടെ ബന്ധുക്കളെ വിളിച്ച് ചെലവ് സര്‍ക്കാര്‍ വഹിക്കാമെന്നും ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. അഞ്ചരമണിക്കൂർകൊണ്ട് 400 കിലോമീറ്റർ ശരവേഗത്തിൽ താണ്ടി ആംബുലന്‍സ് കൃത്യം നാലരയ്ക്ക് അമൃത ആശുപത്രിയിലെത്തി. ഒരുനാട് മുഴുവൻ സേവനസന്നദ്ധരായപ്പോൾ വഴിയോർത്തില്ലെന്ന് ആംബുലൻസ് ഡ്രൈവർ ഉദുമ സ്വദേശി ഹസൻ പറഞ്ഞു.

MORE IN KERALA
SHOW MORE