സമൃദ്ധിയുടെ ആഘോഷമായി വിഷു; പ്രതീക്ഷയുടെ പൊന്‍തളികയില്‍ നിറയുന്ന ചൈതന്യം; വിഡിയോ

vishu-kozhikode-story
SHARE

സമൃദ്ധിയുടെ വിഷു ആഘോഷത്തിലാണ് ഓരോ മലയാളിയും. വരാനിരിക്കുന്ന നല്ല നാളുകളിലേക്കാണ് ഈദിനം കണികണ്ടുണര്‍ന്നത്. വിഷുത്തലേന്നാണ് കണിവയ്ക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങുന്നത്. നീണ്ട നെല്‍വയലുകളും തൊടികളും നല്‍കുന്ന ഗ്രാമീണതയുടെ പച്ചപ്പിലേക്കാണ് മലയാളിയുടെ വിഷു ഒരുക്കത്തിന്റെ തുടക്കം.   വിളവെടുപ്പിന്റെ സമൃദ്ധിക്കൊപ്പം പ്രകൃതിയിലേക്കുള്ള മടക്കയാത്രയും. ഇനി കണിയൊരുക്കത്തിനുള്ള തയാറെടുപ്പുകളാണ്.  മീനമാസത്തിന്റെ അവസാനം വരെ പുത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്ന പറിക്കാന്‍ കുട്ടികള്‍ക്ക് ആവേശമാണ്. വീട്ടിലെ ചെറിയ കൂട്ടികള്‍ മുതല്‍ കണിക്കൊന്നപ്പൂതേടി ഇറങ്ങും. കണിക്കൊന്ന നിറയെ പൂത്തുനില്‍ക്കുന്നിടത്തെത്തി കൊന്നപ്പൂ പറിക്കും. ഗൃഹാതുരതയെ തട്ടിയുണര്‍ത്തുന്ന കാഴ്ചകള്‍

സമൃദ്ധിയുടെ ഓട്ടുരുളി തയാറാക്കുന്ന തിരക്കിലാകും വീട്ടിലെ സ്ത്രീകള്‍. പ്രാര്‍ഥനയോടെയും കൃഷ്ണസ്തുതികളോടെയുമാണ് കണിയൊരുക്കുന്നത്. കാര്‍ഷിക വിളകള്‍ ഒാരോന്നായി ഉരുളിയില്‍നിറയ്ക്കും.ഇനി വിഷുപ്പുലരിയിലേക്കുള്ള കാത്തിരിപ്പാണ്. അപ്രിയമായതെല്ലാം കണ്‍മുന്നില്‍നിന്ന് മറച്ചാണ് മുതിര്‍ന്നവര്‍ കുട്ടികളെ കണികാണാനെത്തിക്കുന്നത്. നിലവിളക്കിന്റെ ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന കാര്‍ഷിക വിഭവങ്ങളില്‍ക്കിടയിലൂടെ കാണാം ഓടക്കുഴല്‍ ഊതിനില്‍ക്കുന്ന കണ്ണനെ. കസവിന്റെയും സ്വര്‍ണമാലയുടെയും തിളക്കം. ഓട്ടുരുളിയിലെ വാല്‍ക്കണ്ണാടി. പുതിയവര്‍ഷത്തിലെ സമൃദ്ധിയുടെ നല്ല കാഴ്ച. തറവാട്ടിലെ കാരണവര്‍ നല്‍കുന്ന കൈനീട്ടത്തിന് കരുതലിന്റെ സ്പര്‍ശവുമുണ്ട്. വരുന്ന ഒരു വര്‍ഷം ഐശ്വര്യപൂര്‍ണമാകാനുള്ള അനുഗ്രഹവും ഒപ്പമുണ്ട്. മണ്ണിലും വിണ്ണിലും വര്‍ണം വാരിവിതറുകയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഒത്തുചേരലിനുകൂടിയാണ് വിഷു ആഘോഷം. പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയില്‍ പുതിയൊരു വിഷുപ്പുലരി വരവായി. പ്രതീക്ഷയുടെ പൊന്‍തളികയില്‍ നിറയട്ടെ ചൈതന്യം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.