40 ലക്ഷം അക്കൗണ്ടിലുണ്ടെന്ന് പ്രചരിപ്പിച്ചു; സുഹൃത്തുക്കൾ ശത്രുക്കളായി: പ്രളയാനന്തരം ജയ്സൽ

jaisal-new-flood
SHARE

നൂറ്റാണ്ടിലെ വലിയ പ്രളയത്തിൽ മരണം മുന്നിൽക്കണ്ട് ഒരു കൈത്താങ്ങിനായി യാചിച്ചവർക്ക് മുന്നില്‍ ഔദ്യോഗിക രക്ഷാദൗത്യസംഘത്തിന് പുറമെ കേരളത്തിലെ യുവാക്കളും മത്സ്യത്തൊഴിലാളികളും രക്ഷകരായി അവതരിച്ചു. നാടിനെ നടുക്കിയ ദുരന്തത്തിനിടയിൽ നന്മയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും കഥകൾ നാം കേട്ടു. സ്ത്രീകളടക്കമുള്ളവരെ ബോട്ടിൽ കയറ്റി രക്ഷപെടുത്താൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ ധീരനായ ജയ്സലിനെ നാം അറിഞ്ഞതും അങ്ങനെയാണ്. സുരക്ഷാ ജാക്കറ്റ് പോലുമില്ലാതെ  നീന്തിയെത്തി നിരവധി പേരെ രക്ഷപെടുത്തിയ ജയ്സൽ ധീരനായ മനുഷ്യസ്നേഹിയായി. എന്നാൽ പ്രളയത്തിന് ഒരാണ്ട് തികയാറാകുമ്പോൾ മലപ്പുറം താനൂർ സ്വദേശിയായ ജയ്സലിന് പങ്കുവെക്കാനുള്ളത് കയ്പേറിയ അനുഭവങ്ങളാണ്. 

ലോകമെമ്പാടുമുള്ള നിരവധി മലയാളികൾ ജയ്സലിനെ അഭിനന്ദിച്ചും സഹായം വാഗ്ദാനം ചെയ്തും രംഗത്തെത്തിയിരുന്നു. അക്കൗണ്ടിൽ നാൽപ്പത് ലക്ഷം വന്നെന്നും കോടീശ്വരനായെന്നും ചിലർ പ്രചരിപ്പിച്ചു. മുൻപ് സുഹൃത്തുക്കളായിരുന്നവർ ഇന്നെന്റെ ശത്രുക്കളാണ്- ദുരനുഭവം മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് ജയ്സൽ. 

പ്രളയത്തിന് പിന്നാലെ നാൽപ്പത് ലക്ഷത്തിലേറെ തുക അക്കൗണ്ടിൽ വന്നെന്നും കോടീശ്വരനായെന്നും എനിക്ക് അഹങ്കാരമായെന്നും എന്റെ സുഹൃത്തുക്കളിൽ ചിലർ പ്രചരിപ്പിച്ചു. അത് വെറും തെറ്റിദ്ധാരണയാണ്. സംവിധായകൻ വിനയൻ സർ നൽകിയ ഒരുലക്ഷം, പ്രവാസി മലയാളി നൽകിയ ഒരുലക്ഷം, ഇങ്ങനെ രണ്ടുലക്ഷം ഞാനെന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. പിന്നീട് പലയിടങ്ങളിൽ നിന്നായി രണ്ടരലക്ഷത്തോളം രൂപ ലഭിച്ചു. അതും അക്കൗണ്ടിൽ നിക്ഷേപിച്ചു. പക്ഷേ ഈ തുക ഞാനെന്റെ ആവശ്യത്തിനല്ല ഉപയോഗിച്ചത്. നാട്ടിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് നൽകുകയായിരുന്നു. പലരും സഹായം ചോദിച്ച് വരുന്നതാണ്. 

പ്രളയത്തിന് ശേഷം തീരദേശത്തിന്റെ അവസ്ഥ പരിതാപകരമാണ്. പണിയില്ല. ഒരാഴ്ചയോളം പട്ടിണി കിടക്കുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. അത്രക്ക് ബുദ്ധിമുട്ട് അവർ അനുഭവിക്കുന്നുണ്ട്. അങ്ങനെയുള്ളവർ സഹായിക്കണമെന്ന് അഭ്യർഥിക്കുമ്പോൾ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുക-ജയ്സൽ ചോദിക്കുന്നു. 

പിന്നീട് കുവൈത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ഈ അവസ്ഥകൾ ഞാൻ പങ്കുവെച്ചിരുന്നു. നല്ല മനസ്സുള്ള ഒരു പ്രവാസി നാലുലക്ഷത്തോളം രൂപ നൽകി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കണം എന്നാവശ്യപ്പെട്ടു. അതും നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനായി നൽകി. കോഴിക്കോട് നിന്നും മറ്റൊരു കുടുംബം ഈയടുത്ത് ബന്ധപ്പെട്ടു. മകളുടെ വിവാഹമാണ് സഹായിക്കണം എന്നുപറഞ്ഞ്. ഞാൻ ശ്രമിക്കാം എന്ന് മറുപടി നൽകി. അടുത്തിടെ ഡൽഹിയിലെ സാംസ്കാരിക സംഘടന ജനസംസ്കൃതിയുടെ ആദരമേറ്റ് വാങ്ങുന്ന ചടങ്ങിൽ ഞാനീ വിഷയം അവതരിപ്പിച്ചു. അവിടുള്ള മലയാളി അസോസിയേഷൻ 25000 രൂപ നൽകി. വേറെ കുറച്ചുപേരോടും സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ എനിക്ക് സഹായമായി ലഭിച്ച എല്ലാ തുകയും ഞാൻ ഓരോ ആവശ്യത്തിനായി കൊടുത്തുതീർത്തു. 

രക്ഷാദൗത്യത്തെ അഭിനന്ദിച്ച് ആ സമയത്ത് മഹീന്ദ്ര ഇറാം മോട്ടോഴ്സ് ഒരു വാഹനം സമ്മാനമായി നൽകിയിരുന്നു. ആ കാർ ഞാൻ വിറ്റതായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത് തെറ്റാണ്. ആ വാഹനം ഇപ്പോഴും എന്റെ കയ്യിലുണ്ട്. പക്ഷേ ഇന്ധനം നിറയ്ക്കാനും മറ്റുമായി നല്ല ചെലവ് വരും. അതുകൊണ്ടാണ് ബൈക്ക് എടുത്തിറങ്ങുന്നത്. 

എന്റെ ആവശ്യങ്ങൾക്കുപോലുമുള്ള പണം ഇപ്പോൾ കയ്യിലില്ല.  അങ്ങനെയൊരു അവസ്ഥയിൽ ഇത്തരത്തിലുള്ള പ്രചാരണം ഏറെ വിഷമിപ്പിക്കുന്നു. പണമോ പദവിയോ ഒന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് ആരോഗ്യം ഉള്ളിടത്തോളം കാലം മറ്റുള്ളവരെ സഹായിക്കും- ജയ്സൽ പറയുന്നു. 

സുരക്ഷാ ജാക്കറ്റ് പോലുമില്ലാതെ നീന്തിയാണ് ഒട്ടേറെ കുടുംബങ്ങളെ ജയ്സലുൾപ്പെടെയുള്ള സംഘം രക്ഷപെടുത്തിയത്. മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ പ്രവര്‍ത്തകരിൽ ഒരാൾ മാത്രമാണ് താനെന്ന് ജയ്സൽ പറയുന്നു. വേങ്ങര എസ്ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് മുതലമാട് വലിയോറയിൽ രക്ഷാദൗത്യത്തിന് എത്തിയത്. ബോട്ട് അടുപ്പിച്ചപ്പോൾ തൊട്ടടുത്തൊരു ചാലുണ്ടായിരുന്നു. വൻതോതിൽ വെള്ളം പ്രവഹിക്കുന്ന ചാലിൽ വീഴുമോയെന്ന ആശങ്കയിൽ ബോട്ടിൽ കയറാൻ സ്ത്രീകൾക്ക് പേടിയായിരുന്നു. കയറാനും ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് മുതുകിൽ ചവിട്ടി കയറിക്കോളാൻ പറഞ്ഞത്-ജയ്സൽ പറഞ്ഞു. 

MORE IN KERALA
SHOW MORE