ട്രാന്‍സ്ജെന്‍ഡറെ കൊന്നിട്ടും അനങ്ങാത്ത നമ്മള്‍; ആ രാത്രി ഷാലുവിന് സംഭവിച്ചത്: വിഡിയോ

trans-exclusive
SHARE

പ്രൊഡക്ഷന്‍: വി.എസ്.രഞ്ജിത്, കാമറ: എ.നന്ദകുമാര്‍, എഡിറ്റിങ്: ബിനീഷ് ബേബി

അണിഞ്ഞൊരുങ്ങാന്‍ വലിയ ഇഷ്ടമായിരുന്നു ഷാലുവിന്. നല്ലൊരു ജീവിതത്തിനായി ഒന്നൊരുങ്ങി തുടങ്ങിയതാണ്. പക്ഷെ കൊന്നുകളഞ്ഞു. ഇവിടെ ഈ ഭൂമിയില്‍ ഒരു പെണ്ണായി ജീവിക്കാനായിരുന്നു ഷാലുവിനിഷ്ടം. ഉടലില്‍ െപണ്ണഴക് വാരിയുടുത്ത് കണ്ണെഴുതി പൊട്ടുതൊട്ട് ഋതുഭേദങ്ങളിലെന്ന പോലെ അവള്‍ മാറി. 5 വര്‍ഷം മുമ്പാണ് െപണ്ണാവാന്‍ വേണ്ടി ഷാലു മൈസൂരിലേക്ക് നാടുവിട്ടത്. മൂന്ന് മാസം മുന്‍പ് തിരിച്ചെത്തി. ആഗ്രഹിച്ച പോലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പെണ്ണായി മാറി. ജനിച്ചുവളര്‍ന്ന കണ്ണൂരിലെ ആലക്കോട്ടേക്ക് അവള്‍ മടങ്ങിപ്പോയില്ല. പകരം കുറ്റിപ്പുറത്ത് ട്രാന്‍സ് കമ്മ്യൂണിറ്റിക്കൊപ്പം താമസിച്ചു. 


സുരക്ഷിതത്വം തേടി കുറ്റിപ്പുറത്തുനിന്നും കോഴിക്കോട്ടെക്കെത്തിയ ഷാലു പിന്നീട് ജീവിച്ചിരുന്നത് രണ്ടുദിവസം മാത്രം. സുരക്ഷിത നഗരമെന്ന് കേളികേട്ട കോഴിക്കോട്ടെ ആളൊഴിഞ്ഞ ഇടവഴിയില്‍ ഷാലുവിനെ ആരോ കഴുത്തുഞെരിച്ചുകൊന്നു. പ്രതികളെ പിടിയ്ക്കാന്‍ അന്വേഷണം ഊര്‍ജിതമാണ് സാധ്യമായ വഴികളെല്ലാം പൊലീസ് ആരായുന്നുണ്ട്. പക്ഷെ തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വവും ബുദ്ധിജീവി വര്‍ഗ്ഗവും കുറ്റകരമായ മൗനമാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ മൂടിപ്പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ ഇതുവഴി കടന്നുപോയ നാട്ടുകാരാണ് പൊലീസിനെ ആദ്യം വിവരമറിയിച്ചത്. കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനിയിലെ അംഗങ്ങളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷൊര്‍ണൂരിലുണ്ടായിരുന്ന ഷാലു തനിക്ക് നേരെ ആക്രമണമുണ്ടായെന്ന് കോഴിക്കോട്ടെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. മരണം കൊലപാതകമാണെന്നാണ് സുഹൃത്തുക്കള്‍ സംശയിക്കുന്നത്. ഷാലുവിന്റെ പോസ്മോര്‍ട്ടത്തിനും മൃതദേഹം സംസ്കാരിക്കാനും ട്രാന്‍സ് ജസ്റ്റിസ് ബോര്‍ഡും പുനര്‍ജനി അംഗങ്ങളുമാണ് കൂെട ഉണ്ടായിരുന്നത്. മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും വീട്ടുകാര്‍ തയ്യാറായില്ല.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മൂന്നോട്ടുപോവുകയാണ്. പക്ഷെ ഷാലു ഒരിക്കലും അവസാനത്തെ ഇരയാകില്ലെന്നാണ് ഇന്നത്തെ സാമൂഹ്യസാഹചര്യം വ്യക്തമാക്കുന്നത്.

ട്രാന്‍സ്കമ്മ്യൂണിറ്റിയുടെ രാത്രിജീവിതവും ലൈംഗികവൃത്തിയും മാത്രമാണ് സമൂഹം ചര്‍ച്ച ചെയ്യുന്നത്. അവരുടെ ജീവിത യാഥാര്‍ഥ്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. ഇതിന് മുമ്പും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ ആക്രമണമുണ്ടായിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുപോലും കോഴിക്കോടുവെച്ച് ആക്രമണമുണ്ടായി.

വീട്ടുകാര്‍ സ്വീകരിക്കാത്തതാണ് ട്രാന്‍സ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആണ്‍ പെണ്‍ ഭേദത്തിനപ്പുറം മറ്റൊരു ലിംഗസ്വത്വത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത സമൂഹമാണ് അവരെ തെരുവിലേക്ക് ലൈംഗികവൃത്തിക്കായി ഇറക്കിവിടുന്നത്. താമസിക്കാന്‍ സുരക്ഷിതമായ ഒരിടം. കഴിക്കാന്‍ നല്ല ഭക്ഷണം. എല്ലാറ്റിലുമുപരി ഉറ്റവരുടെ സ്നേഹം. ഇതെല്ലാം മനുഷ്യരെ പോലെ ഇവരും ആഗ്രഹിക്കുന്നുണ്ടാകില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്.

അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ഇവര്‍ക്ക് സമൂഹം നല്‍കിയിട്ടില്ല. അന്തസോടെ ജീവിക്കാനാവശ്യമായ സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കണം. ഈ വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ ഇവരും വോട്ടുചെയ്യും. ട്രാന്‍സ് എന്ന ഐഡന്റിറ്റി കാര്‍ഡുമായി തന്നെ പോളിങ് ബൂത്തുകളിലെത്തും. പൗരാവകാശങ്ങളും സ്വാതന്ത്ര്യവും ഇവരും അര്‍ഹിക്കുന്നുണ്ട്. ഷാലുവിന്റെ മരണം സര്‍ക്കാരിന്റെയും സമൂഹത്തിന്റെ കണ്ണുതുറപ്പിക്കണം. അവഗണനയുടെ രക്തസാക്ഷികള്‍ ട്രാന്‍സ് സമൂഹത്തില്‍ നിന്നും ഇനിയുണ്ടാകില്ലെന്ന് ഉറപ്പാക്കാനും നമുക്കാവണം.

MORE IN SPORTS
SHOW MORE