അൽഫോൻസ് കണ്ണന്താനത്തിന്റെ ആ ഓട്ടത്തിന്റെ രഹസ്യമിതാണ്, ഭാര്യ പറയുന്നു...

kannanthanam-wife
SHARE

ഒന്നാം മണി അടിക്കുന്നതു കേൾക്കുമ്പോൾ പറമ്പിൽ നിന്ന് ഓടിക്കയറി വന്ന്, കുളിച്ച് സ്കൂളിൽ പോകുന്ന മാഷായിരുന്നു അൽഫോൻസിന്റെ പപ്പ. വലിയ അധ്വാനി. അതുകൊണ്ടുതന്നെ മികച്ച ആരോഗ്യവും. മക്കൾക്കൊക്കെ ആ ശരീരപ്രകൃതിയാണു കിട്ടിയിട്ടുള്ളത്. അധികം വണ്ണംവയ്ക്കാത്ത ശരീരം. പിന്നെ പാഞ്ഞു നടക്കാനുള്ള ആരോഗ്യവും. 65–ാം വയസ്സിലും അൽഫോൻസ് കണ്ണന്താനത്തിന്റെ ആവേശത്തോടെയുള്ള ഓട്ടത്തിന്റെ രഹസ്യമിതാണെന്നു ഭാര്യ ഷീല പറയുന്നു. വളരെക്കുറച്ചുമാത്രം ഭക്ഷണം. മുടക്കാതെ വ്യായാമവും പ്രാർഥനയും. തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിലും കേന്ദ്രമന്ത്രിയുടെ മാറ്റമില്ലാത്ത ശീലങ്ങൾ ഇവയൊക്കെയാണ്.

ഡൽഹിയിൽ നിന്നു കഴിഞ്ഞ ദിവസമാണ് ഷീല എറണാകുളത്തെ ഫ്ലാറ്റിൽ എത്തിയത്. തിരഞ്ഞെടുപ്പു ചൂടിലേക്കു വന്നിറങ്ങിയ അന്നു മുതൽ ഷീലയും സജീവ പ്രവർത്തനത്തിലാണ്. ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വോട്ടു ചോദിക്കുന്നുണ്ട്. പണ്ട് എറണാകുളത്ത് താമസിച്ചിട്ടുള്ളതിനാൽ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അവരെല്ലാം മാറിമാറി കൂടെ വരും.

അങ്ങനെ സ്വന്തം നിലയ്ക്കും പ്രചാരണം ശക്തമാക്കിയിരിക്കുകയാണു ഷീല

പ്രചാരണപരിപാടികൾ കഴിഞ്ഞ് അൽഫോൻസ് ഫ്ലാറ്റിലെത്തുന്നതു രാത്രി 2 മണിക്കാണ്. എങ്കിലും 5 മണിക്കു മുൻപേ ഉണരും. നടത്തത്തിനായി അൽപനേരം മാറ്റിവയ്ക്കും. കുളിച്ചു റെഡിയായി ഇറങ്ങുന്നതിനു മുൻപ് ഷീല ഒരു കപ്പ് കാപ്പിയും രണ്ടു ഗോതമ്പ് റെസ്കും കൊടുക്കും

ഇപ്പോൾ വീട്ടിൽ നിന്നു കഴിക്കുന്ന ഭക്ഷണം ഇതുമാത്രമാണ്. എന്തു കാര്യവും 100 ശതമാനം ആത്മാർഥതയോടെ ചെയ്യുന്നയാളാണ് അൽഫോൻസെന്ന് ഷീല പറയുന്നു. അതുകൊണ്ടു വെയിലും പൊടിയും പുറത്തുനിന്നുള്ള ഭക്ഷണവുമൊന്നും അദ്ദേഹത്തിനു വിഷയമല്ല. 2 ഇഡ്ഡലിയൊക്കെ മതി രാവിലെ. നോൺവെജ് ഭക്ഷണം നിർബന്ധമില്ല. രാവിലെ ഇറങ്ങുന്നതിനു മുൻപും രാത്രി എത്തിയതിനുശേഷവും ഒരുമിച്ചിരുന്ന് അൽപനേരം പ്രാർഥിക്കും

മൈക്കിലൂടെയാണെങ്കിലും ഉയർന്ന ശബ്ദത്തിലാണ് അൽഫോൻസ് സംസാരിക്കുന്നതെന്നു ഷീല പറയുന്നു. അതുകൊണ്ടുതന്നെ തൊണ്ടവേദന വരാനുള്ള സാധ്യത കൂടുതലാണ്. തൊണ്ടവേദന ഉണ്ടെങ്കിൽ കുരുമുളകും ചുക്കും ചേർത്തു തിളപ്പിച്ച വെള്ളം ഫ്ലാസ്കിലാക്കി കൊടുത്തുവിടും. പക്ഷേ, ശബ്ദം കുറയ്ക്കാൻ അദ്ദേഹം തയാറല്ല. ആവേശം കൂടുമ്പോൾ ശബ്ദം തനിയെ ഉയരുന്നതാണെന്നു ഷീല പറയുന്നു

പ്രചാരണത്തിനിടെ വസ്ത്രം മാറ്റാനൊന്നും മെനക്കെടാറില്ല. രാവിലെ പോകുന്ന ഡ്രസിൽ തന്നെ രാത്രിവരെ നിൽക്കും. ഷെഡ്യൂളിന്റെ കാര്യത്തിൽ അൽഫോൻസ് അൽപം കർക്കശക്കാരനാണെന്ന അഭിപ്രായം കൂടി ഷീലയ്ക്കുണ്ട്. ഓരോ പരിപാടിക്കും കൃത്യസമയത്ത് എത്തണം. കേൾക്കാനെത്തുന്നവരെ ബഹുമാനിക്കണമെന്നാണു അദ്ദേഹത്തിന്റെ പോളിസി. പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചു ചികിത്സാസഹായങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുത്ത ഒട്ടേറെപ്പേർ മണ്ഡലത്തിലുണ്ട്.

പാർട്ടി പ്രവർത്തകരോടൊപ്പം അവരും അൽഫോൻസിന്റെ കരുത്താണെന്ന് ഷീല പറയുന്നു. പലരും കുടുംബക്കാർക്കൊപ്പം പ്രചാരണപരിപാടികൾക്കു വരാറുണ്ട്. ഫ്ലാറ്റുകളിൽ മാത്രമൊതുങ്ങുന്നതല്ല, ഷീലയുടെ പ്രചാരണപരിപാടികൾ. അൽഫോൻസിനൊപ്പം പൊതുപരിപാടികളിലും കഴിയുന്നിടത്തോളം പങ്കെടുക്കും

MORE IN KERALA
SHOW MORE