സൂര്യാതപം പ്രതിരോധിക്കാൻ, പൊള്ളലേറ്റാൽ എന്തൊക്കെ ചെയ്യണം?; ട്രോള്‍ മുന്നറിയിപ്പ്

sunburn-troll
SHARE

ചുട്ടുപൊള്ളുകയാണ് കേരളം. സൂര്യാതപത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും സൂര്യാതപം ഏറ്റാൽ ചെയ്യേണ്ട കാര്യങ്ങളും മുന്നറിയിപ്പുകളായി എത്തുന്നുണ്ടെങ്കിലും പലരും ഇത് ഗൗനിക്കുന്നില്ല.  ഈ സാഹചര്യത്തിൽ ട്രോൾ മുന്നറിയിപ്പുകളുമായി എത്തിയിരിക്കുകയാണ് ഡോ.നെൽസൺ ജോസഫ്. ട്രോളുകളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് ഈ ആരോഗ്യരക്ഷാ മാർഗം എത്തിക്കുകയാണ് ലക്ഷ്യം.

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍

∙ ചര്‍മം ഒട്ടുംതന്നെ വിയര്‍ക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കില്‍.

∙ സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം

∙ വിങ്ങുന്ന മാതിരിയുള്ള തലവേദന

∙ ഛര്‍ദ്ദി

∙ ശ്വാസംമുട്ടല്‍

കൂടെയുള്ള ഒരാള്‍ക്ക് സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

∙ ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം

∙ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം

∙ മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക

∙ തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും

∙ തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക

∙ കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും

∙ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

പ്രതിരോധ മാര്‍ഗങ്ങള്‍

∙ നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം

∙ ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യും

∙ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക

∙ അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.

∙ രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക

∙  നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്

∙ പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക

∙ കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

MORE IN KERALA
SHOW MORE