രാഹുലിൽ തീരുമാനം വൈകുന്നു; കോണ്‍ഗ്രസിന്റെ പ്രചാരണം അനിശ്ചിതത്വത്തിൽ

rahul-gandhi-cwc-1
SHARE

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം നീളുന്നതോടെ കോണ്‍ഗ്രസിന്റ തിരഞ്ഞെടുപ്പ് പ്രചാരണം അനശ്ചിതത്വത്തിലായി. ഹൈക്കമാന്‍ഡും കേരളത്തിലെ മുതിര്‍ന്ന നേതാക്കളും ഇക്കാര്യത്തില്‍ മിണ്ടാതായതോടെ രാഹുലിന്റ വരവ് പ്രതീക്ഷിച്ചിരുന്ന പ്രവര്‍ത്തകരും നിരാശരായി. ശക്തമായ രാഷ്ട്രീയപ്പോര് നടക്കുന്ന മണ്ഡലമായ വടകരയില്‍ ഒൗദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ കെ.മുരളീധരനും അമര്‍ഷമുണ്ട്.

  ഉള്ള കഞ്ഞിയില്‍ മണ്ണുവാരിയിട്ട അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. വടകരയില്‍ കെ.മുരളീധരന്‍ കൂടി  ഇറങ്ങിയതോടെ വിജയപ്രതീക്ഷയിലായ പ്രവര്‍ത്തകര്‍ക്ക് ഇരട്ടി ആവേശം പകരുന്നതായി രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇതോടെപ്രചാരണത്തിന്റ വേഗം കുറച്ച പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കായി കാത്തിരിപ്പ് തുടങ്ങി. ദിവസം നാലുകഴിഞ്ഞിട്ടും കടിച്ചതുമില്ല,പിടിച്ചതുമില്ലെന്ന മട്ടിലാണിപ്പോള്‍ കാര്യങ്ങള്‍. വയനാട്ടില്‍ ആര്‍ക്കുവേണ്ടി വോട്ടുചോദിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയില്ല. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും  ചെന്നിത്തലയും ആവര്‍ത്തിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ്  മാധ്യമങ്ങളെ കാണാന്‍പോലും തയാറാകുന്നില്ല. 

ഇടതുമുന്നണി സര്‍വ ആയുധങ്ങളുമെടുത്ത് പോരാടാനിറങ്ങിയ മലബാറിലാണ്  അനശ്ചിതത്വം ഏറെ ദോഷം ചെയ്യുന്നത്. പി.ജയരാജന്‍ മല്‍സരിക്കുന്ന വടകരയില്‍  മുതിര്‍ന്ന നേതാക്കള്‍കൂടി നിര്‍ബന്ധിച്ചിട്ടാണ് കെ.മുരളീധരന്‍ മല്‍സരിക്കാനിറങ്ങിയത്. എന്നാല്‍ ഒൗദ്യോഗിക പ്രഖ്യാപനം വരാത്തതിനാല്‍ ആത്മവിശ്വാസത്തോടെ വോട്ടുചോദിക്കാന്‍ പോലും മുരളീധരനാകുന്നില്ല. രാഹുല്‍ഗാന്ധിയുടെ മനസറിയും മുമ്പെ, സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാക്കിയ മുതിര്‍ന്ന നേതാക്കള്‍ എതിരാളികള്‍ക്ക് വടി കൊടുക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശനം. പ്രചാരണം അനശ്ചിതത്വത്തിലായിട്ടും കാര്യങ്ങളെ ലാഘവത്തോടെ കാണുന്ന ഹൈക്കമാന്‍ഡ് നിലപാടിനോടും പ്രതിഷേധം ഉയരുകയാണ്. 

MORE IN KERALA
SHOW MORE