‘കക്ഷിക്ക് ബ്ലാക്ക് അല്ല, ബാക്കാണ് പഥ്യം’; പീതാംബരക്കുറിപ്പിന് മന്ത്രി മണിയുടെ മറുപടി

mm-mani-new-post
SHARE

അടുത്തിടെയായി മന്ത്രി എം.എം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വമ്പൻ വൈറലാണ്. ഇപ്പോഴിതാ മണിയുടെ വാക്കുകളുടെ ചൂടറിഞ്ഞത് മുൻ എംപി പീതാംബരക്കുറിപ്പാണ്. ഇന്നലെ മന്ത്രി എം.എം.മണിയെ അദ്ദേഹം നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നു. പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറിപ്പിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശം. ഇൗ വാക്കുകൾ വിവാദമായതോടെ മണിയുടെ പ്രതികരണമെന്തെന്ന് കാത്തിരിക്കുകയായിരുന്നു എല്ലാവരും. വൈകാതെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ  അദ്ദേഹം പീതാംബരക്കുറിപ്പിന് നൽകി.

‘കക്ഷിക്ക് ‘ ബ്ലാക്ക്’ പണ്ടേ പഥ്യമല്ല; ‘ബാക്ക്’ ആണ് പഥ്യം.’ എന്നായിരുന്നു എംഎം മണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. നിമിഷങ്ങൾ കൊണ്ട് പോസ്റ്റ് വൈറലായി. ഒൻപതിനായിരത്തിലേറെ പേരാണ് ഇതിനോടകം ലൈക്കടിച്ചിരിക്കുന്നത്. പേരെടുത്ത് പറയാതെയുള്ള കുറിപ്പിന്റെ പിന്നിലെ ചരിത്ര വിവാദം കൂടി ചേർത്ത് വച്ച് ട്രോളുകളും സജീവമായി കഴിഞ്ഞു. ഒരു ചടങ്ങിനിടെ പ്രമുഖ താരത്തിനെ അപമാനിച്ചെന്ന വിവാദത്തിൽ പീതാംബരക്കുറിപ്പ് ഉൾപ്പെട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മണിയുടെ തിരിച്ചടി. 

മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള േനതാക്കളുടെ സാന്നിധ്യത്തിലാണ് എന്‍.പീതാംബരക്കുറുപ്പ് മന്ത്രി എം.എം.മണിയെ നിറത്തിന്റെ പേരില്‍ പരിഹസിച്ചത്. ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം.മണിയാണെന്ന് സമര്‍ഥിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ പരാമര്‍ശിച്ചിട്ട കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. ജലീലിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നിറത്തിന്റെ പേരിലുള്ള അധിക്ഷേപവുമായി എന്‍.പീതാംബരക്കുറുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

MORE IN KERALA
SHOW MORE