കാട്ടിൽ കുടുങ്ങി; വന്യമൃഗങ്ങളേറെ; റിവേഴ്സിലോടി കെഎസ്ആർടിസി; ഡ്രൈവറുടെ സാഹസം: കയ്യടി

ksrtc-forst-thrissur
SHARE

ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ യാത്രക്കാരുടെ ആശ്രയം കെ.എസ്.ആര്‍.ടി.സി ബസു മാത്രമാണ്. രാവിലെയും വൈകിട്ടും രണ്ടു ദിശയിലോട്ടും സര്‍വീസുണ്ട്. ചാലക്കുടിയില്‍ നിന്ന് ഉച്ചയ്ക്കു പോകുന്ന വണ്ടി രാത്രി ഒന്‍പതു മണിക്കു മുമ്പേ മലക്കപ്പാറയില്‍ എത്തി സര്‍വീസ് അവസാനിപ്പിക്കും. കാരണം, വനമധ്യത്തിലൂടെയാണ് റോഡ്. ആനക്കൂട്ടങ്ങള്‍ ഏതു സമയത്തും പ്രത്യക്ഷപ്പെടാം. പുലി ഉള്‍പ്പെടെ എല്ലാതരം വന്യമൃഗങ്ങളും ഇവിടെയുണ്ട്.

പ്രത്യേകിച്ച്, പൊള്ളുന്ന ചൂടില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്ന സമയം. ഇതുവഴി വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക മനസാന്നിധ്യം വേണം. നാടും കാടും അറിയാവുന്ന ഡ്രൈവര്‍മാരെയാണ് കെ.എസ്.ആര്‍.ടി.സി. ഈ റൂട്ടില്‍ നിയോഗിക്കുക. ചാലക്കുടി, മലക്കപ്പാറ മേഖലകളില്‍ നിന്നുള്ളവരാകും ഡ്രൈവര്‍മാര്‍. മഴക്കാലത്ത് മരങ്ങള്‍ ഒടിഞ്ഞു വീണ് യാത്ര മുടങ്ങും. വെട്ടുക്കത്തിയെടുത്ത് മരം വെട്ടാന്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങും. ഇത്രയും ദുഷ്ക്കരമാണ് ചാലക്കുടി. മലക്കപ്പാറ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി. സര്‍വീസ്. 

ഗിയര്‍ ലിവര്‍ ഒടിഞ്ഞു

ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. ഈ റൂട്ടിലെ അവസാനത്തെ സര്‍വീസ്. അത്യാവശ്യം യാത്രക്കാരുണ്ട് ബസില്‍. പത്തടിപ്പാലം പിന്നിടുമ്പോള്‍ രാത്രി എട്ടു മണിയോടടുത്തു. തേര്‍ഡ് ഗിയറിലായിരുന്നു ബസ് ഓടിക്കൊണ്ടിരുന്നത്. ഗിയര്‍ ഡൗണ്‍ ചെയ്യാന്‍ നോക്കുമ്പോഴാണ് ഡ്രൈവര്‍ എം.എ.സജയന്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്. ഗിയര്‍ ലിവര്‍ ഒടിഞ്ഞത്. രണ്ടും കല്‍പിച്ച് വണ്ടി ഓടിക്കാന്‍ ഡ്രൈവര്‍ തീരുമാനിച്ചു. ഇല്ലെങ്കില്‍, വനമധ്യത്തില്‍ യാത്രക്കാരുമായി ബസ് കുടുങ്ങും.

pk-sajan
പി.കെ സാജൻ

ആനക്കൂട്ടം  വരുന്ന വഴിയാണ്. എത്രയും വേഗം വണ്ടി ഈ മേഖല കടത്തണം. രണ്ടു കൂറ്റന്‍ വളവുകള്‍ കഴിഞ്ഞാല്‍ കുഴപ്പമില്ല. തേര്‍ഡ് ഗിയറില്‍ തന്നെ മുന്നോട്ടെടുത്തു. ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ഓടി. മുക്കാല്‍ മണിക്കൂറോളമെടുത്തു. ഈ ദൂരം പിന്നിടാന്‍.  കൂറ്റന്‍ വളവു തിരിയുന്നതിനിടെ വണ്ടി ഓഫായി. മുന്നെട്ടടുക്കാന്‍ കഴിയുന്നില്ല. വണ്ടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തു യാത്രക്കാരുണ്ട്.

കൂടുതല്‍ സമയം യാത്രക്കാരുമായി ബസില്‍ തങ്ങാന്‍ പറ്റില്ല. വന്യമൃഗങ്ങളെ കാണാറുള്ള മേഖലയാണ്. അപ്പോഴാണ്, ഡ്രൈവര്‍ സജയന്‍റെ മനസില്‍ ഒരു ആശയം ഉദിച്ചത്. നേരത്തെ പോയ ബസിന്റെ ഡ്രൈവറെ ഒന്നു വിളിക്കാം. ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് ബസ് നിര്‍ത്തിയിട്ട് രാത്രി ഡ്രൈവര്‍ വിശ്രമിക്കാറുള്ളത്. 

വണ്ടി തിരിക്കാന്‍ സ്ഥലമില്ല

വണ്ടി നിര്‍ത്തിയിട്ട് വിശ്രമിക്കുകയായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ പി.കെ.സാജനെ, സജയന്‍ വിളിച്ചു. സങ്കടം അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം ഇവിടെ നിന്ന് മാറ്റണമെന്ന് സജയന്‍ പറഞ്ഞപ്പോള്‍ സാജന് അതിന്റെ ഗൗരവം മനസിലായി. കാരണം, ഇരുവരും അതിരപ്പിള്ളി മുനിപ്പാറ സ്വദേശികളാണ്. നാടും കാടും നന്നായി അറിയാവുന്ന ഡ്രൈവര്‍മാര്‍. കേടായ വണ്ടി കിടക്കുന്നിടത്തേയ്ക്കു ബസ് കൊണ്ടുവരണമെങ്കില്‍ തിരിക്കണം.

അതിന്, മലക്കപ്പാറയില്‍ സ്ഥലമില്ല. മൂന്നോട്ടു ദീര്‍ഘദൂരം പോയി വണ്ടി തിരിച്ചു വരാനും സമയമില്ല. സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ സാജന്‍ വണ്ടി റിവേഴ്സ് എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ, ഒന്നര കിലോമീറ്റര്‍ ദൂരം വണ്ടി റിവേഴ്സ് എടുത്തു വണ്ടി കേടായ സ്ഥലത്ത് എത്തി. യാത്രക്കാരെ ബസില്‍ കയറ്റി അതതു സ്റ്റോപ്പുകളില്‍ എത്തിച്ചു. കേടായ ബസാകട്ടെ, നേരെയാക്കാന്‍ നാട്ടുകാരുടെ സഹായം തേടി. രാത്രിതന്നെ വെല്‍ഡിങ് ജീവനക്കാരെ വിളിച്ചുണര്‍ത്തി. ഗിയര്‍ ലിവര്‍ നേരെയാക്കിയ ശേഷം ബസ് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി.

യാത്രക്കാരന്‍റെ ഫെയ്സ്ബുക് 

ബസ് ഡ്രൈവര്‍മാരുടെ സാഹസത്തെക്കുറിച്ച് യാത്രക്കാരില്‍ ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞ്. എഫ്.ബി. പോസ്റ്റ് കെ.എസ്.ആര്‍.ടി.സി എം.ഡി: എം.പി.ദിനേശിന്റെ ശ്രദ്ധയില്‍പ്പെട്ടു. യാത്രക്കാരെ സുരക്ഷിതരായി എത്തിക്കാന്‍ മുന്‍കയ്യെടുത്ത ഡ്രൈവര്‍മാരെ ആദരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

മികച്ച സേവനത്തിനുള്ള ആദരത്തിന് അദ്ദേഹം ശുപാര്‍ശ ചെയ്തു. വഴിമധ്യേ വണ്ടി കേടായാല്‍ യാത്രക്കാരെ പെരുവഴിയിലാക്കാതെ അവരെ സുരക്ഷിതമായി എത്തിക്കാന്‍ കാട്ടിയ ഡ്രൈവര്‍മാരുടെ ചങ്കുറപ്പിനു മുമ്പില്‍ യാത്രക്കാര്‍ സല്യൂട്ട് അടിച്ചു.

MORE IN KERALA
SHOW MORE