‘മിണ്ടാതിരുന്നത് അഭിപ്രായം ഇല്ലാഞ്ഞല്ല’; രമ്യയെ പരിഹസിച്ച ദീപ നിശാന്തിന് മറുപടി: കുറിപ്പ്

anil-deepa-ramya
SHARE

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചാരണ രീതികളെ പരിഹസിച്ച എഴുത്തുകാരി ദീപാ നിശാന്തിന് അനില്‍ അക്കരെ എംഎല്‍എയുടെ മറുപടി. ‘സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്...’ ഇതായിരുന്നു പ്രധാന വിമര്‍ശനം.

ശബരീനാഥൻ എംഎൽഎയും ദീപയ്ക്ക് മറുപടിയുമായി എത്തി. ജനാധിപത്യ പ്രക്രിയയിലൂടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായആളാണ് രമ്യഹരിദാസെന്നും അവര്‍ക്കു കിട്ടുന്ന ജനപിന്തുണയില്‍ പരിതപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു ശബരിനാഥൻ എംഎൽഎയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാട്ടുപാടുന്നതും സ്ഥാനാര്‍ഥിയുടെ ദയനീയാവസ്ഥയും തെരഞ്ഞെടുപ്പില്‍ വിഷയമാകരുതെന്നും തന്‍റെ വോട്ട് പി.കെ.ബിജുവിനാണെന്നുമായിരുന്നു ദീപാനിശാന്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അനില്‍ അക്കരയുടെ മറുപടി ഇങ്ങനെ:

എന്റെ ദീപ ടീച്ചറെ, പലരും നിയമസഭയിൽവരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാൻ അതിൽ അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല,

എന്റെ നാൽപ്പത്തിമൂന്നിൽ ഒരു പങ്ക് ടീച്ചർക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്.

അതിന്റെ കാരണം ഞാൻ ഇവിടെ പറയുന്നുമില്ല. എന്നാൽ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകൾ ടീച്ചർ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം.

യു ജി സി നിലവാരത്തിൽ ശമ്പളം വാങ്ങുന്ന ടീച്ചർക്ക് ചിലപ്പോൾ മാളികപ്പുറത്തമ്മയാകാനുള്ള ആഗ്രഹം കാണില്ല. അതിൽ തെറ്റുമില്ല.

കാരണം യുജിസി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത്. സത്യത്തിൽ ഞാനറിയുന്ന പേരാമംഗലത്തെ 

എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല. അവർക്ക് ഇങ്ങനെയാകാനും കഴിയില്ല.

ദീപാ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്. ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും' എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

"ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ " എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.

MORE IN KERALA
SHOW MORE