'ഈ ശിക്ഷ ഒരു പുണ്യം'; 100 മണിക്കുർ സാമൂഹ്യസേവനം ആരംഭിച്ച് പ്രീതാ ഷാജി

preetha-shaji-socail-service
SHARE

ബാങ്ക് ജപ്തി ചെയ്ത സ്ഥലം സമരപോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച പ്രീതാ ഷാജിയും ഭര്‍ത്താവും കോടതിയലക്ഷ്യ നടപടിയെ തുടര്‍ന്ന് സാമൂഹ്യസേവനം തുടങ്ങി. വീടുവിട്ടിറങ്ങണമെന്ന കോടതിയുടെ ഉത്തരവ് ലംഘിച്ചതിന് 100 മണിക്കൂര്‍ സാമൂഹ്യസേവനമാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെ ശിക്ഷയായി കാണുന്നില്ലെന്നും സേവനമനോഭാവത്തോടെ ജോലി ചെയ്യുമെന്നും ഇരുവരും പ്രതികരിച്ചു.  

ബാങ്കിന്റെ ജപ്തി നടപടിക്ക് പിന്നാലെ വീട് വിട്ടിറങ്ങണമെന്ന കോടതി വിധി ലംഘിച്ചതിനാണ് പ്രീതാ ഷാജിയെയും ഭര്‍ത്താവിനെയും 100 മണിക്കൂര്‍ സാമൂഹ്യസേവനം നടത്താന്‍ ഹൈക്കോടതി വിധിച്ചത്. അതിന്റെ ഭാഗമായി ഇന്ന് മുതല്‍ ഇരുവരും കിടപ്പുരോഗികളെ പരിപാലിക്കുന്നതിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. 

എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റിവ് കെയര്‍ യൂണിറ്റിലാണ് പ്രവര്‍ത്തനം. ഷാജി വടുതല ഭാഗത്തും പ്രീതാ ഷാജി തേവര ഭാഗത്തുമാണ് ആദ്യദിനം സേവനം ചെയ്തത്. പാലിയേറ്റീവ് കെയറിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തി. ഇതിനെ ശിക്ഷാനടപടിയായി കാണുന്നില്ലെന്നും സേവനമനോഭാവത്തോടെയാണ് ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും ഷാജി പ്രതികരിച്ചു. 

ഓരോ ദിവസവും ആറുമണിക്കൂര്‍ വീതം 17 ദിവസം സാമൂഹ്യസേവനം ചെയ്യാനാണ് തീരുമാനം. 100 മണിക്കൂര്‍ സേവനം ചെയ്തെന്ന് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. 

MORE IN KERALA
SHOW MORE