കെഎസ്ആർടിസി സർവീസ് വെട്ടിക്കുറയ്ക്കൽ; പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ

ksrtc
SHARE

നഷ്ടത്തിന്റ പേരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനുളള തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റ പ്രതിഛായ മോശമാക്കാനാണ് നടപടിയെന്ന് എ.െഎ.ടി.യു.സി യൂണിയന്‍ ആരോപിച്ചു. എന്നാല്‍ യാത്രക്കാരില്ലാതെ ഇനി ബസോടിക്കാന്‍ പറ്റില്ലെന്ന കര്‍ശന നിലപാടിലാണ് എം.ഡി എം.പി ദിനേശ്.

നഷ്ടമാണന്ന് ചൂണ്ടിക്കാണിച്ച് മുന്‍ എം.ഡി ടോമിന്‍തച്ചങ്കരി എഴുനൂറോളം ബസുകള്‍ ഒാടിക്കാതെ മാറ്റിയിട്ടിരുന്നു. ഇതിന് പിന്നാലെ 1200 ഒാളം സര്‍വീസുകള്‍ കൂടി വെട്ടിക്കുറയ്ക്കുന്നത് ഗ്രാമീണമേഖലയില്‍ യാത്രക്കാരെ വലയ്ക്കുമെന്നാണ് കെ.എസ്.ആര്‍.ടി എംപ്ലോയീസ് യൂണിയന്റ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സര്‍ക്കാരിനും ഇടതുമുന്നണിക്കും തിരിച്ചടിയാകുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ വരുമാനം കുത്തനെകുറഞ്ഞെന്നും യാത്രക്കാരില്ലാതെ ബസുകള്‍ ഒാടിക്കാന്‍ ആകില്ലെന്നുമാണ് എം.ഡിയുടെ മറുപടി. ദിവസവരുമാനം ഏഴുകോടി ലക്ഷ്യമിട്ട സ്ഥാനത്ത് കഴിഞ്ഞ 23 ദിവസത്തിനിടെ വരുമാനം ആറുകോടിയെങ്കിലും എത്തിയത്  എട്ടുദിവസം മാത്രം. ഒാപ്പറേറ്റ് ചെയ്ത ഷെഡ്യുളുകളുടെ എണ്ണം പക്ഷെ 4570 ല്‍ നിന്ന് 4794 ആയി ഉയര്‍ന്നു. തിരിച്ചെടുത്ത എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ഡ്യൂട്ടി നല്‍കാനായി, ചിലയിടങ്ങളില്‍ അധിക ഷെ‍ഡ്യൂളുകള്‍ ഒാപ്പറേറ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് സോണല്‍ മാനേജര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വീസ് വെട്ടിക്കുറക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗതമന്ത്രിയുടെ ഒാഫീസും ആവശ്യപ്പെട്ടെങ്കിലും നഷ്ടം വരുന്ന തുക സര്‍ക്കാര്‍ തരാന്‍ തയാറാണെങ്കില്‍ സര്‍വീസ് അയയ്ക്കാമെന്നായിരുന്നു മാനേജ്മെന്റിന്റ മറുപടി. 

MORE IN KERALA
SHOW MORE