‘പച്ച മാംസത്തിൽ നിന്ന് ഞരമ്പറുത്തെടുത്ത അവരെ കല്ലെറിഞ്ഞ് കൊല്ലാമോ?’; ഉള്ളുപൊട്ടി അമ്മ

anandhu-murder-case-tvm
SHARE

‘അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും...’ സംസ്ഥാന ഭരണകേന്ദ്രത്തിന്റെ മൂക്കിന് താഴെ കൊല്ലപ്പെട്ട അനന്തു എന്ന 21 വയസുകാരന്റെ അമ്മയുടെ വാക്കുകളാണിത്. അനന്തുവിന്റേത് ഒരു രാഷ്ട്രീയകൊലപാതകമല്ല. എന്നാൽ അതിനുത്തരവാദി ഇവിടുത്ത ഭരണപക്ഷവും പ്രതിപക്ഷവും പൊലീസും എല്ലാമാണ്. തിരുവനവന്തപുരത്ത് ലഹരിമാഫിയ സംഘം കൊലക്കത്തി കൊണ്ട് ഞരമ്പറുത്തെടുക്കുന്ന തരത്തിൽ വളർന്നിട്ടും, കൊലപാതകങ്ങൾ ആവർത്തിച്ചിട്ടും കർശന നടപടിയില്ല. മനോരമ ന്യൂസ് സംഘം റിപ്പോർട്ട് ചെയ്ത ‘കൊലക്കളമാകുന്ന കേരളം’ എന്ന പരിപാടിയാണ് അനന്തുവിന്റെ മാതാപിതാക്കൾ കണ്ണീരോടെ ജീവിതം പറഞ്ഞത്.

പത്മനാഭന്റെ മണ്ണിൽ ഒാട്ടോ ഒാടിച്ച് കുടുംബം നോക്കുന്ന അച്ഛന്റെ വലിയ പ്രതീക്ഷ. രോഗിയായ അമ്മയുടെ കൂട്ടും ഏറ്റവും അടുത്ത സുഹൃത്തും. ഒരു വർഷം കൂടി കഴിഞ്ഞാൽ ഗൾഫിൽ പോകാനിരിക്കുന്ന മകൻ. സ്വപ്നങ്ങളുടെ പര്യായമായി അവൻ വളർന്നുവരികയായിരുന്നു. അനന്തു. നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവൻ. വലിയ സുഹൃത്ത് വലയമുള്ളവൻ. എന്നാൽ ആ ഉൽസവദിനം അവന്റെ മരണത്തിന്റെ കുറിപ്പെഴുതുകയായിരുന്നു. ക്ഷേത്രോൽസവത്തിനിടെ നടന്ന ചെറിയ ഒരു തർക്കം. അതൊരു അടിപിടിയിൽ കലാശിച്ചപ്പോൾ അക്കൂട്ടത്തിൽ അനന്തുവും ഉണ്ടായിരുന്നു. പറഞ്ഞ് തീർക്കാവുന്ന ഇൗ പ്രശ്നമാണ് അരുംകൊലയിലേക്ക് നയിച്ചത്.

പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകൽ

വൈകുന്നേരം അഞ്ചുമണിയോടെ ബൈക്കിൽ വരികയായിരുന്ന അനന്തു ബൈക്ക് നിർത്തി ബേക്കറിയിൽ കയറി. പിന്നാലെ ബൈക്കിലെത്തിയ മൂന്നുപേർ ബേക്കറിയിൽ നിന്ന അനന്തുവിനെ പിടിച്ചിറക്കി. ൈബക്കിൽ കയറ്റി കൊണ്ടുപോയി. ചോദിക്കാനെത്തിയ നാട്ടുകാരിൽ ഒരാളോട് കൊലയാളി സംഘം പറഞ്ഞു. ‘ചേട്ടൻ ഇതിൽ ഇടപെടേണ്ട. ഉൽസവത്തിനിടെ നടന്ന അടിയുടെ പ്രശ്നമാണ്..’. ആ വാക്കിൽ ആറിത്തണുത്തുപോയി അയാളുടെ ഉത്തരവാദിത്തബോധം. അതല്ലായിരുന്നെങ്കിൽ ആ യുവാവ് ഇന്നും നമുക്കൊപ്പം ഉണ്ടായിരുന്നേനെ.

ഞരമ്പ് അറുത്തെടുത്ത ക്രൂരതയുടെ ലഹരി 

നഗരമധ്യത്തിൽ കാടുകയറി കിടക്കുന്ന ഒഴിഞ്ഞ സ്ഥലത്തേക്കാണ് മൂന്നംഗ സംഘം അനന്ദുവിനെ എത്തിച്ചത്. പഴയ പന്നിഫാമിന്റെ അവശേഷിച്ച കെട്ടിടത്തിൽ മദ്യത്തിന്റെയും ലഹരിയുടെയും അകമ്പടിയോടെ ഏഴുപേർ അവനെ കാത്തിരിപ്പുണ്ടായിരുന്നു. അനന്തുവിനെ അവിടെ എത്തിച്ചശേഷം ഇൗ പത്തംഗസംഘം അവന് ചുറ്റും കൂടി നിന്ന് കൊടിയ മർദനം ആരംഭിച്ചു. വടി കൊണ്ട് അടിച്ചു, മുട്ടുകാൽ കയറ്റി, ചുറ്റും കൂടി നിന്ന് ആഞ്ഞു ചവിട്ടി. അങ്ങനെ അതിക്രൂരതയുടെ നിമിഷങ്ങൾ. പത്തംഗം സംഘത്തിന് മുന്നിൽ ആ 21 വയസുകരാൻ എന്തു പ്രതിരോധം തീർക്കാൻ. നിലവിളിക്കുകയയല്ലാതെ മറ്റൊരു വഴിയും അവനില്ലായിരുന്നു. ഉപദ്രവിച്ച് മടുക്കുമ്പോമ്പോൾ സംഘത്തിലെ കുറച്ച് പേർ വിശ്രമിക്കാൻ പോയി. അപ്പോഴും കൈത്തരിപ്പ് തീരാത്തവർ ലഹരിയുടെ ബലത്തിൽ അവന്റെ ദേഹത്ത് വേദനയുടെ കൊടിയ പീഡനങ്ങൾ നൽകി കൊണ്ടിരുന്നു. മൂന്നു മണിക്കൂറോളം മാറിയും തിരിഞ്ഞും അവർ മർദിച്ചു.

കൊലനടന്ന് ഇത്ര ദിവസമായിട്ടും ആ ഒഴിഞ്ഞ കാട്ടിലെ കെട്ടിടത്തിനുള്ളിൽ അവന്റെ തല ഇടിച്ച് പൊട്ടിച്ച ചുവരിൽ രക്തക്കറ ഇപ്പോഴുമുണ്ട്. പോസ്മോർ‌ട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നതായും സ്ഥിരീകരിച്ചു. ഒടുവിലായിരുന്നു ആ കൊടുംക്രൂരത. ബോധം നശിച്ച് കിടന്ന അനന്ദുവിന്റെ കയ്യിലെ ഞരമ്പ് സംഘത്തിലെ ഒരുവൻ അറുത്തെടുത്തു. ചോരവാർന്ന് ആവിടെ കിടന്ന് അനന്ദു മരിച്ചു. അപ്പോഴും തൊട്ടപ്പുറത്തിരുന്ന് ലഹരി നുണഞ്ഞ് മരണം കണ്ടിരിക്കുകയായിരുന്നു ഇൗ സംഘം.

ഇതേ സമയം അനന്തുവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസിന്റെ അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ ആ രാത്രി നഗരഹൃദത്തിലുള്ള ആ കാട്ടിലേക്ക് പൊലീസ് എത്തിയില്ല. പിന്നീട് അനന്തുവിന്റെ മൃതദേഹമാണ് ലഭിച്ചത്. ‘ലോകത്ത് ഒരച്ഛനും ഇൗ അവസ്ഥ ഉണ്ടാകരുത്. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്. അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു..’ അനന്തുവിന്റെ അച്ഛൻ പറയുന്നു. എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്ത ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം..കണ്ണീരടങ്ങാത്ത വീട്ടലിരുന്നു ആ അമ്മയുടെ വാക്കുകൾ.

ഇതൊരു ഒറ്റപെട്ട സംഭവമാണെന്ന് എഴുതി കളയാനാവില്ലെന്ന് കേരളം ഉറച്ച് വിശ്വസിക്കുന്നു. കാരണം ഇൗ സംഭവത്തിന് ശേഷവും ലഹരിമാഫിയയുടെ കൊലക്കത്തിക്ക് മറ്റൊരാൾ കൂടി ഇരയായി. ശ്യം എന്ന 28കാരന്റെ ജീവനെടുത്തതും ലഹരിമാഫിയെ ചോദ്യം ചെയ്തതിനാണ്. പെരിയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റേയും അമ്മമാരുടെ കണ്ണീരിനൊപ്പം കേരളം ചേർത്ത് നിർത്തുകയാണ് അനന്ദുവിന്റേയും അമ്മയുടെയും കണ്ണീരും.

MORE IN KERALA
SHOW MORE