രണ്ടുവട്ടവും രാഹുലിന്റെ വയനാട് യാത്ര മുടങ്ങി; അന്ന് മുന്‍കൈ എടുത്തത് കെ.സി

RAHUL-IN-KERALA
SHARE

രാഹുല്‍ വയനാട്ടിലെന്ന പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഇരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും. വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറയുമ്പോഴും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകില്ല. 

മുന്‍പ് രണ്ട് തവണ രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോഴും വയനാടിലേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും അദ്ദേഹത്തിന് അനുമതി നിഷേധിച്ചു.  മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് രാഹുല്‍ കേരളത്തിലെത്തിയിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ഇടുക്കി, വയനാട്, പത്തനംതിട്ട, ആലപ്പുഴ എറണാകുളം ജില്ലകള്‍ സന്ദര്‍ശിക്കാനായിരുന്നു രാഹുലിന്റെ പരിപാടി. എന്നാല്‍ അന്ന് മോശം കാലവസ്ഥയെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര റദ്ദാക്കി. 

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍  രണ്ടാഴ്ചകള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ പരിപാടിയിലും വയാനാട് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അന്നും അദ്ദേഹത്തിന് അവിടേക്ക് പോകാന്‍ കഴിഞ്ഞില്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തുന്നതിനായാണ് രാഹുല്‍ വയനാടെത്താന്‍ തീരുമാനിച്ചിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്‍കൈ എടുത്താണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. എന്നാല്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വയനാട് സന്ദര്‍ശനം വീണ്ടും റദ്ദാക്കപ്പെട്ടു. 

വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുണ്ടാകുകയും മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. വയനാട് മാവോയിസ്റ്റുകളുടെ പ്രത്യാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ സന്ദര്‍ശനം റദ്ദാക്കാന്‍ തീരുമാനിച്ചത്.

MORE IN KERALA
SHOW MORE