തിരുവനന്തപുരത്ത് ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ട; പകരം 'ശിക്ഷ' വേറെ

traffic-rules
SHARE

തിരുവനന്തപുരം നഗരത്തില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ഇനി പിഴ അടക്കേണ്ട. പക്ഷെ ഒരു മണിക്കൂര്‍ ബോധവത്കരണ ക്ളാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അപകടങ്ങള്‍ കുറയ്ക്കാനായി പൊലീസ് നടപ്പിലാക്കുന്ന സീറോ അവര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്കാരം.

കമ്മീഷ്ണറുടെ നേതൃത്വത്തില്‍ രാവിലെ പൊലീസെല്ലാം റോഡിലേക്കിറങ്ങി. ഹെല്‍മെറ്റില്ലാതെയും സീറ്റ് ബെല്‍റ്റിടാതെയും പാഞ്ഞവരെ കയ്യോടെ പിടികൂടി. പതിവ് പോലെ പിഴ അടക്കാനുള്ള രൂപയുമായി പൊലീസിന്റെ അടുത്തെത്തിയവര്‍ ഞെട്ടി. പണം വാങ്ങില്ല.

പകരം അടുത്ത ബുധനാഴ്ചയോ ഞായറാഴ്ചയോ കണ്‍ട്രോള്‍ റൂമിലെത്തി ബോധവത്കരണ ക്ളാസില്‍ പങ്കെടുക്കണം എന്ന കുറിപ്പെഴുതി കൊടുത്തു. ഇതാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കണ്ടെത്തിയിരിക്കുന്ന പുതിയ മാര്‍ഗം. 

എല്ലാ ദിവസവും പിഴ ഒഴിവാക്കില്ല. പ്രത്യേക ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രമായിരിക്കും. അപകടങ്ങളുെട ഇരകള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതരത്തിലാണ് ക്ളാസുകള്‍ ക്രമീകരിക്കുന്നത്. ഇതിനൊപ്പം ട്രാഫിക് നിയമലംഘനം കണ്ടാല്‍ ഫോട്ടോയെടുത്ത് 9497975000 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്താല്‍ നടപടി ഉറപ്പാക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. പണപ്പിരിവാനാണ് പൊലീസ് പരിശോധനയെന്ന ചീത്തപ്പേര് ഒഴിവാക്കി ജനങ്ങളെ സഹകരിപ്പിക്കാമെന്നതാണ് പദ്ധതിയുടെ നേട്ടമായി കാണുന്നത്.

MORE IN KERALA
SHOW MORE