രാഹുലിനെ ഇറക്കി കോൺഗ്രസിന്റെ ‘ഞെട്ടിക്കൽ’; പിന്നിലെ ചരടുവലി; രാഷ്ട്രീയം, ചരിത്രം

rahul-gandhi-wayanad-new
SHARE

തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഇങ്ങ് കേരളത്തിലെത്തിച്ച പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ജനവിധി തേടുമെന്ന വാർത്ത ഒരു സർജിക്കൽ സ്ട്രൈക്കിന്റെ ആവേശത്തോടെയാണ് തെന്നിന്ത്യ കേട്ടിരുന്നത്. ടി.സിദ്ദിഖിനെ നാടകീയമായി മാറ്റി രാഹുൽ എത്തുന്നതോടെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് ആവേശം വാനോളം ഉയരുമെന്നുറപ്പ്. ഇൗ വിഷയത്തിൽ മനോരമ ന്യൂസ് പ്രതിനിധികളായ എ. അയ്യപ്പദാസും പ്രിജി ജോസഫും നടത്തിയ ഫെയ്സ്ബുക്ക് സംവാദത്തിൽ പങ്കുവച്ച കാര്യങ്ങൾ. 

നാടകീയതയുടെ നിമിഷങ്ങൾ

ഉമ്മൻ ചാണ്ടിയാണ് ഇൗ വിവരം ആദ്യമായി കേരളത്തോട് പങ്കുവച്ചത്. വലിയ വടംവലിക്ക് ശേഷമാണ് വയനാട്ടിൽ ഗ്രൂപ്പ് കളികൾക്ക് ഒടുവിൽ ഐ ഗ്രൂപ്പിനെ വെട്ടി ടി.സിദ്ദിഖിനായി ഉമ്മൻ ചാണ്ടി വയനാട് സ്വന്തമാക്കിയത്. അതേ ഉമ്മൻ ചാണ്ടി തന്നെ ആ സീറ്റ് ഇപ്പോൾ രാഹുലിനായി വിട്ടുകൊടുക്കുന്നു. ഗ്രൂപ്പുകൾക്ക് അതീതമായി വയനാട് മാറുന്നു എന്നതും ഇവിടെ ശ്രദ്ധേയം. ഇനി ഞാനൊരു കോൺഗ്രസ് പ്രവർത്തകനെ പോലെ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ മുന്നിലുണ്ടാകുമെന്ന് സിദ്ദിഖും വെളിപ്പെടുത്തി. രാഹുലിന്റെ വരവോടെ ഇനി കളി കേരളത്തിൽ മാറുമെന്ന് നൂറുശതമാനം ഉറപ്പാണ്. 

സിദ്ദിഖിന്റെ ഭാവിയെന്ത്?

അമേഠിയിലും വയനാട്ടിലും രാഹുൽ ഗാന്ധി വിജയിക്കുകയാണെങ്കിൽ വയനാട് സീറ്റ് അദ്ദേഹം രാജി വയ്ക്കാനുള്ള സാധ്യത ഏറെയാണ്. അപ്പോൾ സീറ്റിനായി എ ഗ്രൂപ്പ് സജീവമാകും എന്നുറപ്പാണ്. അങ്ങനെ വന്നാൽ ഇപ്പോൾ പിൻമാറിയ സിദ്ദിഖിന് തന്നെ സീറ്റ് കിട്ടിയേക്കാം. എന്നാൽ മറ്റൊരു വശം ഇതാണ്. കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെത്തുകയും രാഹുൽ പ്രധാനമന്ത്രി ആവുകയും ചെയ്താൻ. കെ.സി വേണുഗോപാൽ വയനാട്ടിൽ മൽസരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അദ്ദേഹം ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കൊണ്ട് മൽസരിക്കുന്നില്ലാ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാഹുൽ പ്രധാനമന്ത്രിയായാൽ കെ.സി വേണുഗോപാലിന് വയനാട് സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ കുറി വീണേക്കാം.

കോൺഗ്രസിന്റെ ചുരമായ വയനാട്

2009ല്‍ യുഡിഎഫിന് കേരളത്തിെല റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് വയനാട്. 1,53,439 വോട്ടാണ് ഇവിടെ ലഭിച്ചത്. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 3 ജില്ലകളിലായാണ് വയനാടിന്റെ സ്ഥാനം. കൽപറ്റ, മാനന്തവാടി, ബത്തേരി (വയനാട് ജില്ല), നിലമ്പൂർ, ഏറനാട്, വണ്ടൂർ (മലപ്പുറം ജില്ല), തിരുവമ്പാടി (കോഴിക്കോട് ജില്ല) എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. 

രാഹുൽ ഗാന്ധി വയനാട്ടിൽ 5 ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കേരളത്തില്‍ കോൺഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് കെപിസിസി. കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ടി.സിദ്ദിഖ് സന്തോഷത്തോടെ പിന്മാറിയെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു. മൽസരം ദക്ഷിണേന്ത്യയിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം എടുക്കുന്നതിനായി പത്തനംതിട്ടയിൽ എത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഉന്നയിച്ചു. ഘടകകക്ഷികള്‍ക്കും സമ്മതമാണെന്ന് ചെന്നിത്തല അറിയിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനത്തുനിന്ന് ജനവിധി തേടാൻ രാഹുൽ ഗാന്ധി സമ്മതം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം മുതിർന്ന നേതാവ് എ.കെ.ആന്റണിയും കെ.വേണുഗോപാലും മുകുൾ വാസ്നിക്കും രാഹുലിനെ ധരിപ്പിച്ചു. കർണാടകയിലെ ബെല്ലാരിയിൽനിന്ന് മൽ‌സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായതിനാലാണ് കേരളം പരിഗണിക്കുന്നത്. സോണിയ ഗാന്ധി നേരത്തെ ബെല്ലാരിയിൽനിന്ന് മൽസരിച്ചിരുന്നു. ഉത്തർപ്രദേശിലെ അമേഠിയിൽനിന്നാണ് രാഹുൽ ഗാന്ധി സാധാരണയായി മൽസരിക്കാറുള്ളത്. മുൻതവണത്തേതു പോലെ സ്മൃതി ഇറാനിയെ ബിജെപി ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.

MORE IN KERALA
SHOW MORE