വരച്ച 300 താമരകള്‍ മാറ്റിവരയ്ക്കണം; തൃശൂരിലെ ബിജെപിക്കാർക്ക് ഇനി പെടാപ്പാട്

thushar-k-surendran-2
SHARE

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനായിരുന്നു തൃശൂര്‍ ജില്ലയുെട സംഘടനാ ചുമതല. മൂന്നു വര്‍ഷമായി തൃശൂരില്‍ നിരന്തരം ക്യാംപ് ചെയ്തിരുന്നു സുരേന്ദ്രന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മല്‍സരിക്കാന്‍ കെ.സുരേന്ദ്രനും കൂട്ടരും സന്നാഹങ്ങള്‍ ഒരുക്കി. വി.മുരളീധരന്‍ പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ആറു വര്‍ഷമായി ജില്ലാ അധ്യക്ഷന്‍റെ കസേരയിലുള്ളത് സുരേന്ദ്രന്‍റെ നീക്കങ്ങള്‍ക്കു മൂര്‍ച്ചക്കൂട്ടി. തൃശൂര്‍ സീറ്റ് കെ.സുരേന്ദ്രന്‍ ഉറപ്പിച്ച മട്ടിലായിരുന്നു മുന്നൊരുക്കങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയത് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. 

സുരേന്ദ്രന്‍ കൂടി വന്നാല്‍ തൃശൂരില്‍ ബി.ജെ.പിയുടേത് റെക്കോര്‍ഡ് പ്രകടനമായിരിക്കുമെന്നും ജില്ലാഘടകം വിലയിരുത്തി. തൃശൂര്‍ ലോകസ്ഭാ മണ്ഡലത്തിന്‍റെ ഏഴു നിമയസഭാ മണ്ഡലങ്ങളിലായി മുന്നൂറിലേറെ ചുമരെഴുത്തുകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ബി.ജെ.പി നടത്തി. മൂന്നുറിടങ്ങളില്‍ ചുമരുകളിലും താമര വരച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന എഴുത്തുകള്‍ പേരില്ലാതെ വരച്ചു. അത്രയും ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി. ക്യാംപ്. ചുമരെഴുത്തുകള്‍ മാത്രമല്ല കഴിഞ്ഞ രണ്ടു മാസത്തിനിടെ വിളിച്ചത് 700 കുടുംബ യോഗങ്ങള്‍. ഭൂരിഭാഗം കുടുംബയോഗങ്ങളിലും കെ.സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. സ്ഥാനാര്‍ഥിത്വം ഉറച്ചെന്ന മട്ടില്‍ ബി.ജെ.പി. പ്രവര്‍ത്തകരും മുന്നോട്ടു പോയി. 

ഇതിനിടെയാണ്, തുഷാര്‍ വെള്ളാപ്പള്ളിയുടെ രംഗപ്രവേശം. ബി.ജെ.പി. കേന്ദ്ര നേതൃത്വം ഘടകക്ഷിയായ ബി.ഡി.ജെ.എസിന്റെ പ്രധാന നേതാവിനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു. കൂട്ടുത്തരവാദിത്വം വരണമെങ്കില്‍ തുഷാര്‍ മല്‍സരിക്കണമെന്ന് ബി.ജെ.പി. കേന്ദ്ര നേതൃത്വം നിര്‍ബന്ധം പിടിച്ചതോടെ ഉന്നം തൃശൂര്‍ സീറ്റിലേക്കായി. ബി.ജെ.പിയുടെ സംഘടനാ കെട്ടുറപ്പുള്ള ജില്ലയെന്ന നിലയ്ക്കു തൃശൂര്‍ സീറ്റ് വേണമെന്ന് തുഷാറും നിലപാട് വ്യക്തമാക്കി. ഇതോടെ, കെ.സുരേന്ദ്രന്‍ തൃശൂര്‍ സീറ്റില്‍ നിന്ന് ഔട്ടായി. 

പത്തനംതിട്ട സീറ്റ് പകരം കിട്ടിയെങ്കിലും തൃശൂരില്‍ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും നടത്തിയ മുന്നൊരുക്കങ്ങള്‍ പാളി. മുന്നൂറിലേറെ മതിലുകള്‍ വരച്ച താമരകള്‍ മാറ്റിവരയ്ക്കണം. കുടുംബയോഗങ്ങളില്‍ ചിഹ്നം വീണ്ടും മാറ്റിപ്പറയണം. താമരകള്‍ മായ്ച്ച് കുടം വരയ്ക്കണം. ഇതിനെല്ലാം പുറമെ, അണികളുടെ ചീത്ത കേള്‍ക്കേണ്ട ഗതികേടിലാണ് ബി.ജെ.പി. ജില്ലാ നേതൃത്വം. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു എല്ലാവിധ പിന്തുണയും നല്‍കാന്‍ ജില്ലാ നേതൃത്വം ബാധ്യസ്ഥരായി. കെ.സുരേന്ദ്രനെ മാറ്റി തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിഷ്ഠിക്കാനുള്ള പെടാപാടിലാണ് ബി.ജെ.പിക്കാര്‍. കുറച്ചുകാലമായി ബി.ജെ.പിക്കാര്‍ വിളിച്ചിരുന്ന മുദ്രാവാക്യം ‘കണ്ണേ കരളേ കെ.എസേ’ എന്നായിരുന്നു. സീറ്റ് ബി.ഡി.ജെ.എസ്. കുടത്തിലാക്കിയതോടെ മുദ്രാവാക്യം ഒന്നു മാറ്റിപ്പിടിച്ചു ‘തൃശൂര് തുഷാറാട്ടാ... തുഷാര്‍ ഉഷാറാട്ട’..

MORE IN KERALA
SHOW MORE