വൈദികന്‍ പോള്‍ തേലക്കാട് എഴുപതിന്‍റെ നിറവില്‍

father-paul
SHARE

നിഷേധം ജീവിത വ്യാകരണമാക്കിയ കത്തോലിക്കാ സഭയിലെ വൈദികന്‍ പോള്‍ തേലക്കാട്  എഴുപതിന്‍റെ നിറവില്‍. വിവാദ വിഷയങ്ങളില്‍ സഭാ നിലപാടിന് വിരുദ്ധമായ പ്രതികരണങ്ങളിലൂടെയും സ്വതന്ത്ര ചിന്തയിലൂടെയും മലയാളി പൊതുബോധത്തില്‍ ഇടംപിടിച്ച തേലക്കാട്ടച്ചന്‍റെ സപ്തതിയുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടിയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുകള്‍‌ ഇന്ന് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. 

ഈ തുറന്നു പറച്ചിലാണ് കത്തോലിക്കാ സഭയിലെ പതിനായിരക്കണക്കിന് വൈദികര്‍ക്കിടയിലും ഫാദര്‍ പോള്‍ തേലക്കാട്ടിനെ വേറിട്ട് അടയാളപ്പെടുത്തുന്നത്. സഭാ നേതൃത്വത്തിന് അലോസരമുണ്ടാക്കുകയും അതേസമയം പൊതുസമൂഹം  ഹൃദയം കൊണ്ട് സ്വീകരിക്കുകയും ചെയ്ത നിലപാടുകളിലൂടെയാണ് തേലക്കാട്ടച്ചന്‍ മലയാളി പൊതുബോധത്തില്‍ ഇടമുണ്ടാക്കിയത്. ബിഷപ്പ് ഫ്രാങ്കോ വിവാദത്തിലടക്കം ആ തുറന്നു പറച്ചിലുകള്‍ പലരെയും അലോസരപ്പെടുത്തിയെങ്കിലും ആത്മവിമര്‍ശനമടങ്ങുന്ന സത്യാന്വേഷണം ജീവിതചര്യയാക്കിയ ഈ വൈദികന് ആ തുറന്നുപറച്ചിലുകളിലൊന്നും ഈ എഴുപതാം വയസിലും പശ്ചാത്താപമില്ല.  

അചഞ്ചലമായ ൈദവവിശ്വാസത്തിനും   അഗാധമായ അറിവിനുമൊപ്പം അടങ്ങാത്ത വിജ്ഞാനദാഹം  കൂടിയാണ് തേലക്കാട്ടച്ചന്‍റെ സവിശേഷതയെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരെല്ലാം സാക്ഷ്യം പറയും.

1949 ല്‍ കാലടിക്കടുത്ത് ചേരാനെല്ലൂരില്‍ ജനിച്ച പോള്‍ തേലക്കാട്ട് 1974ലാണ് പുരോഹിതനായത്. ബെല്‍ജിയത്തിലെ ഉന്നത പഠനത്തിനു ശേഷം ദീര്‍ഘകാലം സഭ പ്രസിദ്ധീകരണമായ സത്യദീപത്തിന്‍റെ മുഖ്യചുമതലക്കാരനും കത്തോലിക്ക ബിഷപ് കൗണ്‍സില്‍ വക്താവുമായി. 

വിമര്‍ശനങ്ങളിലും വിമതശബ്ദങ്ങളിലും അതൃപ്തികള്‍  ഉയര്‍ത്തിയപ്പോഴും സഭ തന്നെ ചേര്‍ത്തു നിര്‍ത്തിയെന്ന പക്ഷക്കാരനാണ് തേലക്കാട്ടച്ചന്‍. ആ കരുതല്‍ തന്നെയാണ് സഭയുടെ ചട്ടക്കൂടുകള്‍ക്കുളളില്‍ നിന്നു കൊണ്ട് ആശയവ്യത്യാസങ്ങള്‍ ഉയര്‍ത്താന്‍ ഇന്നും തേലക്കാട്ടച്ചന്‍റെ പ്രചോദിപ്പിക്കുന്ന ഘടകവും. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.